ഡിജിറ്റൽ, ടെക്‌നികൽ സർവകലാശാലകളിൽ വിസിക്കായി വീണ്ടും പട്ടിക കൈമാറി സർക്കാർ
സർക്കാർ നൽകിയ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും ചാൻസിലറോട് ആവശ്യപ്പെട്ടത്

തിരുവനന്തപുരം: രണ്ട് സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് അനുകൂല വിധി ഉണ്ടായതിന് പിന്നാലെ തുടർ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. കെടിയു, ഡിജിറ്റൽ സർവകലാശാലകളിലേക്ക് നിയമിക്കാനുള്ള മൂന്നുപേര് വീതമടങ്ങുന്ന വിസി മാരുടെ പട്ടിക സംസ്ഥാന സർക്കാർ കൈമാറി. ഹൈക്കോടതി വിധിയനുസരിച്ച് നിയമനം നടത്തണമെന്ന് ചാൻസലർ കൂടിയായ ഗവർണറോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതിക സർവകലാശാലയിലെയും, ഡിജിറ്റൽ സർവ്വകലാശാലയിലെയും, വിസി നിയമനവുമായി ബന്ധപ്പെട്ട് വലിയ തിരിച്ചടിയാണ് ചാൻസലർക്ക് നേരിടേണ്ടി വന്നത്. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും ചാൻസിലറോട് ആവശ്യപ്പെട്ടത്.
ഇതിനെതിരെ അപ്പീൽ പോകുന്നതിനെ കുറിച്ച് രാജ് ഭവൻ ആലോചിക്കുന്നതിനിടയിലാണ് സംസ്ഥാന സർക്കാർ മറ്റൊരു നീക്കം നടത്തിയത്. രണ്ട് സർവകലാശാലകളിലേക്കുമുള്ള വിസി നിയമന പട്ടികയിൽ ഉള്ള സർക്കാരിന്റെ ശുപാർശ രാജ്ഭവന് കൈമാറി. കെടിയു സർവകലാശാലയിലേക്ക് ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടർ ജയപ്രകാശ്, സിഇടി കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് മേധാവി എ. പ്രവീൺ,കൊല്ലം ടികെഎം കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആർ. സജീവ് എന്നിവരുടെ പേരുകളാണ് സർക്കാർ നൽകിയിരിക്കുന്നത്.
ഡിജിറ്റൽ സർവകലാശാലയിലേക്ക് ആ മേഖലകളിൽ പ്രാവീണ്യമുള്ള മൂന്നു പേരുകൾ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധി പരിഗണിച്ച്, ഇതിൽ നിന്ന് നിയമനം നടത്തണമെന്നാണ് സർക്കാരിൻറെ ആവശ്യം.അതേസമയം ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ രാജ്ഭവനിൽ സജീവമാണ്. നിയമോപദേശം അനുകൂലമായാൽ സുപ്രീംകോടതിയെ സമീപിക്കും.
Adjust Story Font
16

