തേവലക്കര സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്ന് കെഎസ്ഇബി റിപ്പോർട്ട്
ഒൻപത് വർഷമായി പോവുന്ന വൈദ്യുതി ലൈൻ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്‌നമെന്ന് കെഎസ്ഇബിയുടെ റിപ്പോർട്ട്. അപകടത്തിൽ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നും കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തൽ. ഒൻപത് വർഷമായി പോവുന്ന വൈദ്യുതി ലൈൻ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണർ പ്രവീൺ എംഎയാണ് തേവലക്കര അപകടം സംബന്ധിച്ച് ചെയർമാന് റിപ്പോർട്ട് കൈമാറിയത്. ആരെയും കുറ്റപ്പെടുത്താതെ എങ്ങും തൊടാത്ത റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശിപാർശയില്ല. ജൂലൈ 17നാണ് എട്ടാം ക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ഇതിന് കാരണമായ വൈദ്യുതി ലൈൻ മാറ്റണമെന്ന് അപകടത്തിന് രണ്ട് ദിവസം മുമ്പും കെഎസ്ഇബി ചർച്ച ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഒൻപത് വർഷമായി വൈദ്യുതി ലൈൻ സ്‌കുളിലൂടെ പോവുന്നു. അതിന് ശേഷമാണ് സൈക്കിൾ ഷെഡ് പണിതത്. അതുകൊണ്ട് ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്റെ മാത്രം വീഴ്ചയായി ചൂണ്ടിക്കാണിക്കാനാവില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതതലയോഗം റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം. അപകടത്തിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അന്വേഷണവും തുടരുകയാണ്. റിപ്പോർട്ട് പൂർത്തിയാവാൻ ഇനിയും സമയമെടുക്കും.
Adjust Story Font
16

