പുതിയ എകെജി സെന്റർ നിലനിൽക്കുന്ന ഭൂമി വാങ്ങിയത് നിയമപ്രകാരം'; എം.വി ഗോവിന്ദൻ സുപ്രിംകോടതിയിൽ
വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ച് ഒമ്പത് നില കെട്ടിടം നിർമിച്ചു. വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നുവെന്നും എം.വി ഗോവിന്ദൻ അറിയിച്ചു

Photo: MediaOne
തിരുവനന്തപുരം: പുതിയ എകെജി സെന്റർ നിലനിൽക്കുന്ന ഭൂമി വാങ്ങിയത് നിയമ പ്രകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ച് ഒമ്പത് നില കെട്ടിടം നിർമിച്ചു. വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നുവെന്നും എം.വി ഗോവിന്ദൻ അറിയിച്ചു.
2021ലാണ് പുതിയ എകെജി സെന്റർ പണിയുന്നതിനായുള്ള ഭൂമി വാങ്ങിയത്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അക്കാലത്ത് ഒരു തർക്കവും ഉണ്ടായിരുന്നില്ലായെന്നാണ് സിപിഎം വാദം. മാത്രമല്ല, പോത്തൻ ജോസഫിന്റെ കുടുംബമാണ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപറേഷനിൽ നിന്ന് പണമെടുത്തിരുന്നത്. പിന്നീട് ഇവരുടെ മറ്റു സ്വത്തുവകകളൊക്കെയും ജപ്തി ചെയ്തിരുന്നുവെങ്കിലും എകെജി സെന്ററിനായി എടുത്തിട്ടുള്ള ഭൂമി അതിൽ ഉൾപ്പെട്ടിരുന്നില്ല.
ഈ ഭൂമി പിന്നീട് ഐ.എസ്.ആർ.ഒ.യിലെ ശാസ്‌ത്രഞ്ജയായ ഇന്ദുവും മുത്തശ്ശനായ ജനാർദ്ദനൻ പിള്ളയും ചേർന്ന് വാങ്ങുകയായിരുന്നു. താൻ വാങ്ങിയ ഭൂമി കോടതി ലേലത്തിന് വച്ചതിനാൽ നഷ്ടമായെന്ന ഇന്ദുവിന്റെ അപ്പീലിൽ മറുപടി സത്യവാങ്മൂലത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ഭൂമിയുടെ യഥാർത്ഥ ഉടമ താനാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ് ഇന്ദു ശ്രമിക്കുന്നത് എന്നാണ് സിപിഎം മറുപടി.
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്റർ കഴിഞ്ഞ ഏപ്രിലിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്. നിലവിലുള്ള എകെജി സെൻററിന്റെ എതിർവശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റർ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്.
Adjust Story Font
16

