Quantcast

വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകും, പരിഹാരവുമുണ്ടാകും, മാധ്യമങ്ങൾ വികസനത്തിനൊപ്പം നിൽക്കണം: മുഖ്യമന്ത്രി

മാധ്യമങ്ങൾക്ക് നേരെ സോഷ്യൽ മീഡിയ ഓഡിറ്റിംഗ് നല്ല പോലെ വരുന്നുണ്ടെന്നും അത് കാണാതിരിക്കരുതെന്നും കാണാതിരുന്നാൽ നിങ്ങളുടെ വിശ്വാസതയാണ് പോവുന്നതെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-04-02 07:53:57.0

Published:

2 April 2022 7:04 AM GMT

വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകും, പരിഹാരവുമുണ്ടാകും, മാധ്യമങ്ങൾ വികസനത്തിനൊപ്പം നിൽക്കണം: മുഖ്യമന്ത്രി
X

വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിന് പരിഹാരമായി പുനരധിവാസ പദ്ധതികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നവർ അതിനാണ് മുൻതൂക്കം നൽകേണ്ടതെന്നും കാലിക്കറ്റ് പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കാൾ കമ്പോള വിലയ്ക്ക് മുകളിലാണ് കൊടുക്കുന്നതെന്നും പുനരധിവാസ പാക്കേജ് ഇരട്ടിയും അതുക്ക് മേലെയുമാണണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സ്ഥാപിത താൽപര്യം മുൻനിർത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് മാധ്യമങ്ങൾ ഇടം നൽകരുതെന്നും വികസനോന്മുഖമായ മാധ്യമ പ്രവർത്തനമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആവുകയല്ല മാധ്യമ പ്രവർത്തകർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സെക്രട്ടേറിയേറ്റിൽ ചെറിയ അഗ്‌നിബാധ ഉണ്ടായപ്പോൾ, അത് ഫയലുകൾ നശിപ്പിക്കാനുള്ളതാണെന്ന നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്ന് നുണയാണെന്ന് അറിഞ്ഞ് കൊണ്ട് സെൻസേഷണൽ വാർത്ത നൽകിയെന്നും ഒരു ഫയലും കത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞിട്ടും തിരുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.

ഒരു കുഞ്ഞിനെയും കൊണ്ട് ഒരു സമരത്തിന് സ്ത്രീ വന്നതിനെ മഹത്വവത്ക്കരിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടതെന്ന് ചോദിച്ചു. പക്ഷപാതിത്വം വരുന്നത് അനുഭവമാണെന്നും പറഞ്ഞു.

ഭരണാധികാരികളുടെ വാഴ്ത്ത് പാട്ടുകളും വിപണി താൽപര്യമുള്ള കാര്യങ്ങളുമാണ് ഇപ്പോൾ പലരുടെയും മാധ്യമ പ്രവർത്തനമെന്നും ജനങ്ങളുടെ സമരങ്ങളും പ്രശ്‌നങ്ങളും വാർത്തയേ അല്ലാതായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്ത് നേരിനൊപ്പം നിന്ന മാധ്യമങ്ങൾ അടിയന്തരാവസ്ഥക്ക് ശേഷം ഭരണകൂടത്തിന് വിനീത വിധേയരായെന്നും ആഗോളവത്കരണത്തോടെ ഇവർ മുതലാളിത്തത്തിനൊപ്പമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണകൂടത്തിന്റെ പീഡനങ്ങൾക്കും പൗരാവകാശ നിഷേധത്തിനുമെതിരെ നിഷ്പക്ഷരെന്ന് നടിക്കുന്ന പല മാധ്യമങ്ങളും പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ജനാധിപത്യ അവകാശങ്ങൾ ഇല്ലാതെ മാധ്യമങ്ങൾ നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഘട്ടങ്ങളിൽ പല മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് ശത്രുത മനോഭാവം ഉണ്ടാകുന്നുവെന്നും അത് പുനഃപരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചിലർ ഇടതുപക്ഷ പ്രവർത്തകരെ ആകെ ആക്ഷേപിക്കുന്നുവെന്നും ആരോപിച്ചു. വാർത്ത അവതരാകൻ ട്രേഡ് യൂണിയൻ നേതാവിനെതിരെ പറഞ്ഞത് മാധ്യമ പ്രവർത്തകരെ തന്നെ ആക്ഷേപിക്കുന്നത് തുല്യമായെന്നും ആരെയും ആക്ഷേപിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതെന്നും അത് മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ദേശീയപാത വികസനം ഭൂമിയേറ്റടുക്കുന്നതിലും തർക്കമുണ്ടായെന്നും കുറച്ചു നേരത്തെ ഭൂമി ഏറ്റെടുത്തിരുന്നെങ്കിൽ ദേശീയ പാത നേരത്തെ വരുമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഏറെ എതിർപ്പുകളുണ്ടായ ഗെയിൽ പദ്ധതി പൂർണ്ണമാകാൻ പോകുന്നുവെന്നും ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്ത് നടപ്പാക്കണമെന്നും പറഞ്ഞു. ഇതിനെതിരെയുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ നിലപാടിന് മാധ്യമങ്ങൾ വെള്ളവും വളവും നൽകുകയല്ല വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മാധ്യമങ്ങൾക്ക് നേരെ സോഷ്യൽ മീഡിയ ഓഡിറ്റിംഗ് നല്ല പോലെ വരുന്നുണ്ടെന്നും അത് കാണാതിരിക്കരുതെന്നും കാണാതിരുന്നാൽ നിങ്ങളുടെ വിശ്വാസതയാണ് പോവുന്നതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. മാധ്യങ്ങൾ പറയുന്നത് ജനം വിശ്വസിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഇങ്ങനെ നിങ്ങളുടെ മുന്നിൽ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മുകളിലാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



The media was humbled by the government after the emergency: Chief Minister Pinarayi Vijayan

TAGS :

Next Story