Quantcast

ഗുണമേന്മയുള്ള വിത്തിനങ്ങള്‍ ലഭ്യമാക്കുന്നതിനായി നഴ്സറി നിയമ നിർമ്മാണം നടത്തുമെന്ന് കൃഷി മന്ത്രി

സ്വകാര്യ നഴ്‌സറികളെ നിയന്ത്രിക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാക്കുമെന്നും ലൈസന്‍സിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-09-05 02:31:25.0

Published:

5 Sep 2022 1:35 AM GMT

ഗുണമേന്മയുള്ള വിത്തിനങ്ങള്‍ ലഭ്യമാക്കുന്നതിനായി നഴ്സറി നിയമ നിർമ്മാണം നടത്തുമെന്ന് കൃഷി മന്ത്രി
X

പത്തനംതിട്ട: കർഷകർക്ക് ഗുണമേന്മയുള്ള വിത്തിനങ്ങള്‍ ലഭ്യമാക്കുന്നതിനായി നഴ്സറി നിയമ നിർമ്മാണം നടത്തുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. സ്വകാര്യ നഴ്‌സറികളെ നിയന്ത്രിക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാക്കുമെന്നും ലൈസന്‍സിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരിച്ചടികള്‍ നേരിടുന്ന കാർഷിക മേഖലയ്ക്കും പ്രതിസനിധികള്‍ക്ക് നടുവിലായ കർഷകർക്കും ആശ്വാസം നല്കുന്ന തീരുമാനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് കൃഷി മന്ത്രി പ്രഖ്യാപിച്ചത്. ഗുണമേന്മയുള്ള വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി നഴ്‌സറി നിയമ നിര്‍മാണം നടത്തുമെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് വിത്തുകളും നടീല്‍വസ്തുക്കളും വിതരണം ചെയ്യുന്ന സ്വകാര്യ നഴ്‌സറികള്‍ക്ക് ലൈസന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. സ്വകാര്യ നഴ്‌സറികളെ നിയന്ത്രിക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാക്കുമെന്നും വിപണനത്തിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും പ്രസാദ് പറഞ്ഞു.

കൃഷിദര്‍ശന്‍ എന്ന പേരില്‍ കർഷകരുടെ പരാതികള് പരിഹരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. ഫാമുകളെ ആധുനിക രീതിയിലേക്ക് മാറ്റുന്നതിന് നബാര്‍ഡ് മുഖേന 137 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട പന്തളം കരിമ്പ് ഉത്പാദന കേന്ദ്രത്തിലെ 165 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളത്തെ വീണ്ടും കരിമ്പുകൃഷിയുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക എന്‍ജിനീയര്‍ വി. ബാബു പദ്ധതി വിശദീകരിച്ചു.



TAGS :

Next Story