Quantcast

ഗവർണറെയും യുജിസി പ്രതിനിധിയെയും ഒഴിവാക്കി വിസിമാരെ നിയമിക്കാൻ പുതിയ ഓർഡിനൻസിന് നീക്കം

ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം നിയമവകുപ്പിന്‍റെ പരിഗണനയിലാണ്

MediaOne Logo

Web Desk

  • Published:

    4 Aug 2022 1:18 AM GMT

ഗവർണറെയും യുജിസി പ്രതിനിധിയെയും ഒഴിവാക്കി വിസിമാരെ നിയമിക്കാൻ പുതിയ ഓർഡിനൻസിന് നീക്കം
X

തിരുവനന്തപുരം: ഗവർണറെയും യുജിസി പ്രതിനിധിയെയും ഒഴിവാക്കി വിസിമാരെ നിയമിക്കാൻ പുതിയ ഓർഡിനൻസിന് നീക്കം. നിയമപരിഷ്കാര കമ്മീഷന്‍ റിപ്പോർട്ടിലെ ശിപാർശ നിയമഭേദഗതിയിലൂടെ അടിയന്തരമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം നിയമവകുപ്പിന്‍റെ പരിഗണനയിലാണ്.

വിസി നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കുന്ന തരത്തിലാണ് പുതിയ ശിപാര്‍ശ. വിസിയെ കണ്ടെത്താനുള്ള മൂന്നംഗ സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ സമര്‍പ്പിക്കുന്ന പാനല്‍ ഔദ്യോഗിക പാനലായി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പാനൽ തയ്യാറാക്കേണ്ടത്. ഒക്ടോബറില്‍ ഒഴിവ് വരുന്ന കേരള സര്‍വകലാശാല വിസി സ്ഥാനത്തേക്കുള്ള നിയമനത്തിന് മുന്നേ നിയമന രീതിയില്‍ മാറ്റം കൊണ്ടുവരാനാണ് അടിയന്തിര ഇടപെടല്‍. സർവകലാശാല സെനറ്റ് യോഗത്തില്‍ പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രനെ യൂണിവേഴ്സിറ്റി പ്രതിനിധിയായി നിർദേശിക്കാൻ തീരുമാനിച്ചിരുന്നു എന്നാല്‍ ഈ വിവരം ഗവർണറുടെ ഓഫീസിൽ അറിയിച്ചിട്ടില്ല. ഭേദഗതി വരുത്തുന്നതിനുമുമ്പ് ഗവർണർ കമ്മിറ്റി രൂപീകരിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്.

നിലവിലെ രീതി പ്രകാരം മൂന്ന് മുതൽ അഞ്ചു വരെയുള്ള പേരുകൾ അടങ്ങിയ പാനൽ മൂന്നംഗ കമ്മിറ്റി സമർപ്പിക്കും. ഇതിൽനിന്ന് ഒരാളെ ഗവർണർക്ക് വിസി യായി നിയമിക്കാനാവും. ഇത് പൂര്‍ണമായും മാറ്റം വരുത്തിക്കൊണ്ടാകും പുതിയ ഓര്‍ഡിനന്‍സ് ഇറക്കുക. കാലിക്കറ്റ്,കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വി സി നിയമനങ്ങളിൽ ഗവർണർ സർക്കാറിനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാനാണ് ധൃതി പിടിച്ചുള്ള ഈ നീക്കമെന്നും ആക്ഷേപമുണ്ട്.



TAGS :

Next Story