സാങ്കേതിക സർവകലാശാലയിൽ അസാധാരണ നീക്കവുമായി പുതിയ വിസി; സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം സ്വന്തം നിലക്ക് റദ്ദാക്കി ഉത്തരവിറക്കി
ഇക്കഴിഞ്ഞ ജനുവരി 16 നാണ് പുതിയ വിസി ഡോ. കെ ശിവപ്രസാദ് ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ സിൻഡിക്കേറ്റ് യോഗം ചേർന്നത്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അസാധാരണ നീക്കവുമായി പുതിയ വൈസ്ചാൻസലർ. സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം സ്വന്തം നിലക്ക് റദ്ദാക്കി വിസി കെ ശിവപ്രസാദ് ഉത്തരവിറക്കി. യോഗം പിരിച്ചുവിട്ടശേഷവും രജിസ്ട്രാർ അടക്കമുള്ളവർ അനധികൃതമായി യോഗം ചേർന്നു എന്നാണ് വിസിയുടെ ആരോപണം. വൈസ് ചാൻസിലർ പുറത്തിറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നാണ് സിൻഡിക്കേറ്റിന്റെ വാദം.
ഇക്കഴിഞ്ഞ ജനുവരി 16 നാണ് പുതിയ വിസി ഡോ. കെ ശിവപ്രസാദ് ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ സിൻഡിക്കേറ്റ് യോഗം ചേർന്നത്. ഈ യോഗത്തിൽ തന്നെ സിൻഡിക്കേറ്റും വിസിയും തമ്മിൽ ഉടക്കി. അജണ്ടയിലില്ലാത്ത വിഷയം ചർച്ചയ്ക്ക് വച്ചതിൽ വിമർശനം ഉന്നയിച്ച് വിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ തൻ്റെ അഭാവത്തിൽ അനധികൃത യോഗം ചേർന്നു എന്ന് കാട്ടി ഗവർണർക്ക് റിപ്പോർട്ടും രജിസ്ട്രാർക്ക് നോട്ടീസും നൽകി.
പിന്നാലെ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ട് സ്വന്തം നിലയ്ക്ക് ഉത്തരവിറക്കിയിരിക്കുകയാണ് വൈസ് ചാൻസിലർ. കൺവീനർ ആയ താൻ പിരിച്ചുവിട്ട ശേഷം ചേർന്നത് അനധികൃത യോഗം ആണെന്നും ഈ യോഗത്തിലെ തീരുമാനങ്ങൾ റദ്ദാക്കുന്നു എന്നും കാട്ടിയാണ് വിസിയുടെ ഉത്തരവ്. ഉത്തരവ് ഇറക്കാൻ തനിക്ക് കഴിയില്ല എന്ന് രജിസ്ട്രാർ രേഖാമൂലം അറിയിച്ചതോടെയാണ് വിസി തന്നെ ഇടപെട്ടത്. യോഗ തീരുമാനങ്ങൾ നടപ്പിലാക്കരുത് എന്ന് സൂചിപ്പിച്ച് എല്ലാ ബ്രാഞ്ച് മേധാവികൾക്കും വിസി കത്തും നൽകിയിട്ടുണ്ട്. വൈസ്ചാൻസലറുടെ ഇടപെടൽ ചട്ടവിരുദ്ധമെന്ന് ആണ് സിൻഡിക്കേറ്റിൻ്റെ വാദം. സമാനമായി മുൻ വിസി സിസാ തോമസ് സ്വന്തം നിലയ്ക്ക് പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് സിൻഡിക്കേറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
Adjust Story Font
16

