ദേശീയപതാക കാവിയാക്കണമെന്ന പരാമർശം; ബിജെപി നേതാവ് എൻ.ശിവരാജന് പൊലീസ് നോട്ടീസ്
വിവിധ സംഘടനകളുടെ പരാതിയിൽ ബിഎൻഎസ് 192 വകുപ്പ് പ്രകാരം ശിവരാജനെതിരെ കേസ് എടുത്തിരുന്നു

പാലക്കാട്: ദേശീയപതാക കാവിയാക്കണമെന്ന പരാമർശത്തിലെടുത്ത കേസിൽ ബിജെപി നേതാവ് എൻ. ശിവരാജന് പൊലീസ് നോട്ടീസ്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് നോട്ടീസ് നൽകിയത്. വിവിധ സംഘടനകളുടെ പരാതിയിൽ ബിഎൻഎസ് 192 വകുപ്പ് പ്രകാരം ശിവരാജനെതിരെ കേസ് എടുത്തിരുന്നു.
ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ പറഞ്ഞത്. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം.
ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞിരുന്നു. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞിരുന്നു.
വിവാദപരാമർശത്തിൽ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടത്.
Adjust Story Font
16

