ഇടുക്കിയിലെ അനധികൃത പാറ ഖനനം; റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി, മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട് പുറത്ത്
എല്ലാ അനധികൃത ഖനനത്തിന് പിന്നിലും സി.പി.എം ആണെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: ഇടുക്കിയിലെ അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ കളക്ടറുടെ നിർദേശാനുസരണം സബ് കളക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. ഇതിനിടെ രണ്ട് വില്ലേജുകളിൽ പാറ ഖനനത്തിന് സമ്പൂർണ്ണ നിയന്ത്രണമേർപ്പെടുത്തണമെന്ന് കാട്ടിയുള്ള മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ടും പുറത്ത് വന്നു. എല്ലാ അനധികൃത ഖനനത്തിന് പിന്നിലും സി.പി.എം ആണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പാറ ഖനനം നടക്കുന്നതായി മൈനിംഗ് ആൻറ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ടിലുള്ള ഇടുക്കി താലൂക്കിലെ രണ്ട് വില്ലേജുകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഉപ്പുതോട്, തങ്കമണി വില്ലേജുകളിൽ പാറ ഖനനത്തിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്ന് കാട്ടി കഴിഞ്ഞ ഒക്ടോബറിൽ ജിയോളജി വകുപ്പ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൻ്റെ പകർപ്പും പുറത്ത് വന്നു. അനധികൃത പാറ ഖനനവും മണ്ണെടുപ്പും പ്രകൃതിയുടെ സന്തുലനാവസ്ഥ തകർത്തെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇടുക്കിയിലെ ഖനന പ്രവർത്തനങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്നും, ഇതിന് നേതൃത്വം നൽകുന്നത് ജില്ലാ സെക്രട്ടറിയും കുടുംബവുമാണെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. സബ് കളക്ടർമാർക്ക് പുറമെ അനധികൃത ഖനനം നടന്നതായി കണ്ടെത്തിയ പ്രദേശങ്ങളിലെ എസ്.എച്ച്.ഓ, തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി,ജിയോളജിസ്റ്റ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടാകും. ഉടുമ്പൻചോലയിലും, ബാലഗ്രാമിലുമുൾപ്പെടെ വ്യാപക ഖനനം നടന്നയിടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. ജില്ലയിൽ അനധികൃത ഖനനം വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയുടെയും മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിലാണ് നടപടി.
Adjust Story Font
16

