Quantcast

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തം: മുസ്‌ലിം ലീഗ്

ജൂലൈ ഒമ്പതിന് തന്നെ സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക ഒരു വിഭാഗത്തിന് ലഭ്യമായിട്ടുണ്ട്. ഇവർക്ക് 30 ദിവസവും മറ്റുള്ളവർക്ക് 15 ദിവസം മാത്രവും പട്ടിക പരിശോധിക്കാൻ ലഭിക്കുന്ന സ്ഥിതിയാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചു ചേർത്ത യോഗത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി പി.കെ ഷറഫുദ്ദീൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 July 2025 10:39 PM IST

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തം: മുസ്‌ലിം ലീഗ്
X

തിരുവനന്തപുരം : വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് നിശ്ചയിച്ച സമയം അപര്യാപ്തമാണെന്നുംട ഒരു മാസമായി ദീർഘിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ തിരുവനന്തപുർത്ത് വിളിച്ചു ചേർത്ത യോഗത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി പി.കെ ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. കരട് പട്ടികയിൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാൻ അനുവദിക്കേണ്ടത് 15 ദിവസമാണ് എന്ന പഞ്ചായത്തീരാജ്, മുനിസിപ്പൽ ചട്ടങ്ങളിലെ ഭാഗം ചൂണ്ടിക്കാണിച്ചാണ് കമ്മീഷൻ ദിവസം പരിമിതപ്പെടുത്തിയത്. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഗസറ്റ് വിജ്ഞാപനം ഇറക്കി കൂടുതൽ സമയം അനുവദിക്കാം എന്നും അതേ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാധ്യത കമ്മീഷൻ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ ഒമ്പതിന് തന്നെ സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക ഒരു വിഭാഗത്തിന് മാത്രമായി ലഭ്യമായിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു വിഭാഗത്തിന് 30 ദിവസവും മറ്റുള്ളവർക്ക് 15 ദിവസം മാത്രവും പട്ടിക പരിശോധിക്കാൻ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം സമയം ദീർഘിപ്പിക്കുന്നതിൽ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനഃക്രമീകരിച്ച കരട് പട്ടിക എന്ന നിലയിൽ പരിശോധനക്കും മുഴുവൻ പേരെ ഉൾപ്പെടുത്തുന്നതിനും നീക്കം ചെയ്യുന്നതിനുമെല്ലാം കൂടുതൽ സമയം ആവശ്യമാണ്. കഴിഞ്ഞവർഷം പരിമിതമായ എണ്ണം ഓൺലൈൻ രജിസ്‌ട്രേഷൻ നടന്നിട്ടും സൈറ്റ് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായി. ഇത്തവണ കൂടുതൽ പേർ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് ക്രമീകരണം ഒരുക്കണം. ഗ്രാമപഞ്ചായത്തിൽ 1300നും മുനിസിപ്പാലിറ്റികളിൽ 1600നും മുകളിൽ വോട്ടർമാർ ഉള്ള സ്ഥലങ്ങളിൽ മാത്രം രണ്ടാമത്തെ പോളിങ് സ്റ്റേഷൻ അനുവദിക്കുന്ന സ്ഥിതി പോളിങ്ങിൽ വലിയ പ്രതിസന്ധി ഉണ്ടാകും. ലോകസഭാ പോളിങ് സ്റ്റേഷനുകളിലെ എണ്ണം പോലും 1200ലേക്ക് പരിമിതപ്പെടുത്തുന്ന സാഹചര്യത്തിൽ മൂന്നു വോട്ട് ചെയ്യേണ്ട പഞ്ചായത്തുകളിൽ 1300 എന്നത് അപ്രായോഗികമാണ്.

ഗ്രാമപഞ്ചായത്തിൽ 700നും മുനിസിപ്പാലിറ്റികളിൽ 1100നും മുകളിൽ രണ്ടാമത്തെ പോളിങ് സ്റ്റേഷൻ അനുവദിക്കണം. ഹിയറിങ്ങിന് അപേക്ഷകർ നേരിട്ട് ഹാജരാകുന്നതിന് പകരം ബന്ധപ്പെട്ടവർക്ക് രേഖകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കണം. ലോകസഭാ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടവർക്ക് ഹിയറിങ് ഘട്ടത്തിൽ രേഖയായി അവ പരിഗണിക്കണം. വർഷങ്ങൾക്കു മുമ്പ് താമസം മാറിയവരെ നീക്കം ചെയ്യുന്നതിന് പല ഘട്ടങ്ങളിലായി അപേക്ഷിച്ചിട്ടും പട്ടികയിൽ തുടരുന്ന സാഹചര്യം കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ വ്യാപകമായി ഉണ്ട്. ഇത് പരിഹരിക്കുന്നതിന് ആക്ഷേപം ഉന്നയിക്കുന്നവർക്ക് അതിൽ സ്വീകരിക്കുന്ന നടപടി വിചാരണ ഘട്ടത്തിൽ തന്നെ ബോധ്യപ്പെടുത്തുന്ന സംവിധാനം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story