ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്ന് ശിവൻകുട്ടി, ബ്രസീലിൻ്റെ ഹെൽത്ത് ഓക്കെയല്ലേ എന്ന് മണിയാശാൻ; കേരളത്തിലും ഫുട്ബോൾ ആവേശം
ഫിഫ ലോകകപ്പിന് മെക്സിക്കോയിലെ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ വിസിലുയരും

ലോകം ഫുട്ബോൾ ആവേശത്തിലേക്ക്. കാൽപ്പന്തുകളിയുടെ മനോഹാരിതയിലേക്ക് മിഴിതുറക്കാൻ മണിക്കൂറുകൾ മാത്രം. കളി നടക്കുന്നത് വടക്കേ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലാണെങ്കിലും ആർപ്പുവിളി ലോകത്ത് മുഴുവൻ പടരുകയാണ്. ഫിഫ ലോകകപ്പിന് മെക്സിക്കോയിലെ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് വിസിലുയരുമ്പോൾ അലയൊലികൾ കേരളത്തിലും നിറയും.
തെരഞ്ഞെടുപ്പ് ആവേശം മറന്ന് ഇഷ്ട ടീമിൻ്റെ ആരാധകർ മത്രമായി മലയാളികൾ മാറിക്കഴിഞ്ഞു. വിവധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർ നീലയും, മഞ്ഞയും ചുവപ്പും നിറമുള്ള പുതിയ കൊടിക്കു പിന്നിൽ അണിനിരന്നു. തെരഞ്ഞെടുപ്പ് കളത്തിൽ പരസ്പരം കലഹിച്ചവർ കാലപന്തകളിയിൽ ഒരു ടീമിനായി ജയ് വിളിക്കുന്ന മനോഹരമായ കാഴ്ച. അതെ ഫുട്ബോൾ എല്ലാവരെയും ഒന്നിപ്പിക്കുകയാണ്...
രാഷ്ട്രീയ നേതാക്കൾക്കിടയിലും ഫുട്ബോൾ ആവേശത്തിന് കുറവൊന്നുമില്ല. മുൻ മന്ത്രിമാരായ വി. ശിവൻകുട്ടിയും, എം.എം മണിയും തങ്ങളുടെ ഇഷ്ട ടീമിനായി രംഗത്തിറങ്ങി കഴിഞ്ഞു.
കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് ബ്രസീൽ ആരാധകനായ ശിവൻകുട്ടിയുടെ പ്രതീക്ഷ. ബ്രസീൽ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുൻനിര താരങ്ങൾ ബ്രസീലിന്റെ കരുത്താണ്. പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്മയമാകുമെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാൻഡ് എന്നിവരോടുള്ള മത്സരങ്ങൾ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ. ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ലോകകപ്പിന് മുന്നോടിയായി ഏവർക്കും മികച്ച ഫുട്ബോൾ അനുഭവവും അദ്ദേഹം നേരുന്നു.
എന്നാൽ ശിവൻകുട്ടിയുടെ പ്രതീക്ഷയെ മുളയിലെ നുള്ളുന്നതാണ് പോസ്റ്റിന് താഴെയുള്ള അർജന്റീനിയൻ ആരാധകനായ മണി ആശാൻ്റെ കമൻ്റ്. ബ്രസീൽ സെമി വരെ എത്തിയാൽ അങ്കെ പാക്കലാമെന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലിൻ്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ ? ( ഡയലോഗ് കടപ്പാട് മഹേഷിനോട് ചിത്രം = മഹേഷിൻ്റെ പ്രതികാരം) എന്ന ക്യാപ്ഷനോടെ ഒരു എഐ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇതോടെ കമൻ്റ് ബോക്സിലും രാഷ്ട്രീയ ഭേദമന്യേ ആരാധകർ നിറഞ്ഞു. പരസ്പരം ട്രോളിയും പിന്തുണച്ചും ഇവർ രംഗത്തെത്തി.
Adjust Story Font
16

