Quantcast

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു

റോഡപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ അലിൻ ഷെറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്‌

MediaOne Logo

Web Desk

  • Updated:

    2026-02-13 14:45:43.0

Published:

13 Feb 2026 5:04 PM IST

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്; പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നു
X

തിരുവനന്തപുരം: വിടപറയും മുൻപേ നാലുപേർക്ക് പുതുജീവൻ പകർന്ന് പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നു. റോഡപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ അലിൻ ഷെറിൻ എബ്രഹാമിന്റെ രണ്ട് വൃക്കകൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള പത്തുവയസുള്ള കുട്ടിക്ക് മാറ്റിവെക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ എബ്രഹാം.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എംസി റോഡിൽ പള്ളം ബോർമ കവല ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്.

എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകീട്ട് രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ് എന്നിവ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ശ്രീ ചിത്രയിലേക്കും കൊണ്ടു വരും. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. ആഭ്യന്തര വകുപ്പിൻ്റെ സഹകരണവും ഉണ്ടായിരുന്നു.

TAGS :

Next Story