'സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല'; ടി.പി രാമകൃഷ്ണൻ
കഴിഞ്ഞ തവണത്തെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിലേക്ക് പോകില്ല. പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ തവണത്തെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് പറഞ്ഞു. . പതിനായിരത്തോളം വോട്ടുകൾ പോൾ ചെയ്തതിൽ കുറവ് വന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് യുഡിഎഫ് വരും എന്നാണ് കരുതുന്നത്. ബിജെപി വോട്ടുകൾ കുറച്ചു എൽഡിഎഫിലേക്ക് വരുമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രശാന്ത് പറഞ്ഞു.
ജെൻസി വോട്ടുകൾ തൃശൂരിൽ തന്‍റെ വിജയത്തിന് നിർണായകം ആകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും വ്യക്തമാക്കി. തൃശൂരിൽ എൽഡിഎഫിന് വിജയം ഉറപ്പാണ്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടികൾ എല്ലാം ജനം തള്ളിക്കളയുമെന്നും അദ്ദേഹം ലീലാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.
ബേപ്പൂരിൽ സർവകാല റെക്കോഡിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.എ മുഹമ്മദ് റിയാസ് അവകാശപ്പെട്ടു. 2021 ലെ 82,000 വോട്ട് എന്ന റെക്കോഡ് ഇത്തവണ തകർക്കും. 100 ശതമാനം പോളിങ് ആയിരുന്നു ബേപ്പൂരിൽ ആഗ്രഹിച്ചത് . നേറ്റിവിറ്റി കാർഡ്, പൗരത്വ രജിസ്‍റ്റര്‍ എന്നിവ നടപ്പാക്കിയത് മതേതര വോട്ടുകൾ എൽഡിഎഫിന് അനുകൂലമായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിൽ ബിജെപി-യുഡിഎഫ് ഡീലെന്ന് എൽഡിഎഫ് സ്ഥാനാർഥി എച്ച്.സലാം ആരോപിച്ചു. ബിജെപിയുടെ ചില പ്രവർത്തകർ വീട് കയറി യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അമ്പലപ്പുഴയിൽ എൽഡിഎഫ് ഉറപ്പായും ജയിക്കുമെന്നും ബിജെപി വോട്ട് എത്ര യുഡിഎഫിന് പോകുമെന്നതിന് അനുസരിച്ചായിരിക്കും ഭൂരിപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

