Quantcast

പാലായിൽനിന്ന് അവർ പാണക്കാട്ടെത്തി; ആ കാരുണ്യത്തിന് നന്ദിപറയാൻ

ആത്മഹത്യാവക്കിൽനിന്ന് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ തങ്ങളുടെ തുണയായ മുനവ്വറലി തങ്ങളോട് നന്ദിയും സന്തോഷവും അറിയിക്കാനാണ് പാലാ സ്വദേശിയായ ബിന്ദുവും കുടുംബവും പാണക്കാട്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    5 Oct 2021 9:50 AM GMT

പാലായിൽനിന്ന് അവർ പാണക്കാട്ടെത്തി; ആ കാരുണ്യത്തിന് നന്ദിപറയാൻ
X

ആത്മഹത്യയിൽനിന്ന് തന്നെയും കുടുംബത്തെയും രക്ഷിച്ച തങ്ങളോട് നേരിൽകണ്ട് സന്തോഷം പങ്കിടാൻ ബിന്ദു പാലായിൽനിന്ന് ഏറെ ദൂരം സഞ്ചരിച്ച് പാണക്കാട്ടെത്തി. കൂടെ മക്കളും രോഗിയായ ഭര്‍ത്താവുമുണ്ടായിരുന്നു. മുനവ്വറലി തങ്ങളെയും പാണക്കാട് കുടുംബത്തിലെ അംഗങ്ങളെയും കണ്ട് ജീവൻരെ വിലയുള്ള ഈ നന്മയ്ക്ക് അവർ ഏറെ നന്ദി പറഞ്ഞു. പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിന്റെ മുഴുവൻ അനുഗ്രഹഹങ്ങളും പ്രാർത്ഥനകളുമായി മനംനിറഞ്ഞായിരുന്നു ഒടുവിൽ അവർ നാട്ടിലേക്കു തിരികെമടങ്ങിയത്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ആണ് ബിന്ദുവും കുടുംബവും മുനവ്വറലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയിലെത്തി സന്ദർശിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ''പാലായിലെ ബിന്ദുവും കുടുംബവും നന്ദി പറയാൻ പാണക്കാട്ടെത്തി. മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വീടിൻരെ ജപ്തി ഒഴിവായ സന്തോഷം പറയാനാണ് ബിന്ദുവും കുടുംബവും പാണക്കാട്ടെത്തിയത്.'' ഫേസ്ബുക്ക് കുറിപ്പിൽ ഫിറോസ് കുറിച്ചു.

പാലാ പൈക സ്വദേശിയാണ് ബിന്ദു. ഹൃദ്രോഗിയും കിഡ്‌നി രോഗിയുമായ ഭർത്താവിൻരെ ചികിത്സാചെലവിനു വേണ്ടിയിരുന്നത് ലക്ഷങ്ങളായിരുന്നു. നിത്യജീവിതത്തിനായി ചെറിയൊരു ചായക്കട നടത്തിയ കുടുംബത്തിനുമുൻപിൽ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ചായക്കടയിൽനിന്ന് ഒരു ദിവസം 600 രൂപയൊക്കെ കിട്ടിയാലായി എന്ന സ്ഥിതിയായിരുന്നു. അത് കുടുംബത്തിൻരെ ദൈനംദിന ആവശ്യങ്ങൾക്കു തന്നെ തികയില്ല. കോവിഡ് കൂടി വന്നതോടെ ഉള്ള കച്ചവടവും മുടങ്ങി പട്ടിണിയായി.

ഒടുവിൽ ആകെ സ്വന്തമായുണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമിയും വീടും ജപ്തി വച്ച് ബിന്ദു ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തു ഭർത്താവിന്റെ ചികിത്സ തുടങ്ങി. എന്നാൽ, വായ്പ കൃത്യമായി തിരിച്ചടക്കാനായില്ല. ബാങ്കിൽനിന്ന് ജപ്തി ഭീഷണിയായി. ഇതോടെ പെരുവഴിയിലായ ബിന്ദുവിനു മുൻപിൽ ആത്മഹത്യ മാത്രമായിരുന്നു ഏക മാർഗമായി ഉണ്ടായിരുന്നത്. അവസാനശ്രമമെന്ന നിലയ്ക്ക് ബിന്ദു ഒരു സഹായാഭ്യർത്ഥന നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കൂടെ ഇങ്ങനെയൊരു അഭ്യർത്ഥനയും കുറിപ്പിൽ ചേർത്തു: ''പാണക്കാട് മുനവ്വറലി തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരോടെങ്കിലുമൊന്ന് ഞങ്ങളുടെ കാര്യം പറയുമോ?''

പിന്നീട് മുനവ്വറലി തങ്ങളുടെ വാട്‌സ്ആപ്പിലേക്കും മെസഞ്ചറിലേക്കും ഇതേകുറിപ്പിന്റെ പ്രവാഹമായിരുന്നു. കോഴിക്കോട്ട് യൂത്ത് ലീഗ് ആസ്ഥാനത്തിന്റെ ഉദ്ഘാടനതിരക്കുകളിലായിരുന്ന തങ്ങളുടെ ശ്രദ്ധയിൽ ഇവ വരുന്നത് രാത്രി ഏറെ വൈകിയും. ഒട്ടും വൈകിക്കാതെ അർധരാത്രി തന്നെ തങ്ങൾ ഈ കുടുംബത്തിന്റെ ദൈന്യാവസ്ഥ വിവരിച്ച് ഒരു കുറിപ്പുമിട്ടു. കുറിപ്പ് വന്ന് മിനിറ്റുകൾക്കകം തന്നെ ബിന്ദുവിന്റെ മകൾ വിഷ്ണുപ്രിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം പ്രവഹിച്ചുതുടങ്ങി. അന്നു വൈകുന്നേരമായപ്പോഴേക്കും അക്കൗണ്ടിലെത്തിയത് അഞ്ചരലക്ഷം രൂപ!

ഒരൊറ്റ ദിവസം കൊണ്ടാണ് ആ കുടുംബം ആത്മഹത്യയുടെവക്കിൽനിന്ന് രക്ഷപ്പെട്ടത്. ഈ സഹായത്തിന് നന്ദി അറിയിച്ച് അന്നു തന്നെ ബിന്ദു തങ്ങളെ വിളിച്ചിരുന്നു. തങ്ങൾ സൗകര്യം പോലെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ ക്ഷണംകൂടി സ്വീകരിച്ചാണ് ഇപ്പോൾ കുടുംബം പാണക്കാട്ടെത്തിയത്.

TAGS :

Next Story