തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിങ് കോളജിൽ വന്ദേമാതരം മുഴുവൻ ചൊല്ലി; പ്രതിഷേധിച്ച് എസ്എഫ്ഐ
കോളജിൽ സംഘടിപ്പിച്ച 'വികസിത് ഭരത് യങ് ലീഡേഴ്സ് ഡയലോഗ്' എന്ന എൻഎസ്എസ് പരിപാടിക്കിടെയാണ് സംഭവം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിങ് കോളജിൽ വന്ദേമാതരം മുഴുവൻ ചൊല്ലി. ഭാരതാംബയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി. കോളജിൽ സംഘടിപ്പിച്ച 'വികസിത് ഭരത് യങ് ലീഡേഴ്സ് ഡയലോഗ്' എന്ന എൻഎസ്എസ് പരിപാടിക്കിടെയാണ് സംഭവം. പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
പരിപാടിക്കിടെ ഭാരതാംബയുടെ ചിത്രം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വന്ദേമാതരം ഗാനം പൂർണമായി ആലപിക്കുകയും ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുമായിരുന്നു. പരിപാടിയുടെ രീതിയോടും സംഘാടകരുടെ പെരുമാറ്റത്തോടും വന്ദേമാതരം മുഴുവനായി പാടിയതിനോടുമുള്ള എതിർപ്പ് പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകരോടൊപ്പം വിദ്യാർഥികളും ചേർന്നതോടെ പരിപാടി പാതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു.
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് എന്ന പേരിൽ ഇന്ത്യയെ കുറിച്ചുള്ള സെമിനാർ പരിപാടിയാണ് നടന്നതെന്നും അത്തരമൊരു വേദിയിൽ വന്ദേമാതരം മുഴുവനായി പാടേണ്ടിയിരുന്നില്ലെന്നും ഡെലിഗേറ്റ് ആയി പങ്കെടുത്ത വിദ്യാർഥി പ്രതികരിച്ചു. പൂർണമായി പാടിയതാണ് വിദ്യാർഥികളെ അസ്വസ്ഥരാക്കിയതെന്നും വിദ്യാർഥി മീഡിയവണിനോട് പറഞ്ഞു.
'പരിപാടിയുടെ ഭാഗമായി സ്റ്റേജിലെത്തിയ കുട്ടികളോട് സംഘാടകർ വളരെ മോശമായാണ് പെരുമാറിയത്. കുട്ടികളുടെ സംശയങ്ങൾക്ക് ഇൻഫോർമൽ ആയ രീതിയിലും മോശപ്പെട്ട രീതിയിലുമാണ് മറുപടി നൽകിയത്. ഇത്തരമൊരു വേദിയിൽ വന്ദേമാതരം പാടേണ്ടിയിരുന്നില്ല. എന്നിട്ടും, മുഴുവനായി പാടിയതാണ് വിദ്യാർഥികളെ അസ്വസ്ഥരാക്കിയത്, അതാണ് പ്രതിഷേധത്തിന് കാരണമാക്കിയതും.' അദ്ദേഹം കൂട്ടിച്ചേർത്തു.
Watch Video Report:
Adjust Story Font
16

