തിരുവനന്തപുരം ലൈറ്റ് മെട്രോ; പദ്ധതിക്ക് 8000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ലോക്നാഥ് ബെഹ്റ
കോഴിക്കോട് മെട്രോയുടെ സാധ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നതായും തിരുവനന്തപുരം മെട്രോയ്ക്ക് ശേഷം അതിലേക്ക് കടക്കാമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ 31 കിലോമീറ്റർ ദൂരത്തിനായി 8000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ മീഡിയവണിനോട്. കിലോമീറ്ററിന് 250 കോടി ചെലവാണ് കണക്കാക്കുന്നത്. കേന്ദ്ര അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ 30 മാസം കൊണ്ട് പണി തീർക്കാം എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ മാതൃകയിൽ ഘട്ടം ഘട്ടമായിരിക്കും നിർമാണം. എല്ലാ സ്റ്റേഷനിലും പാർക്കിംഗ് സൌകര്യം ഒരുക്കും.ഒന്നരമാസത്തിനുള്ളിൽ ഡിപിആർ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതോടെ പ്രതീക്ഷയിലാണ് തലസ്ഥാനം.
ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേക്ക് വികസിപ്പിക്കാവുന്ന രീതിയിലാണ് നിലവിൽ മെയ്ട്രോയുടെ പദ്ധതി. 20ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുതൽമുടക്കും. ബാക്കി തുക വായ്പായി എടുക്കണം. ആദ്യഘട്ടത്തിൽ സ്ഥലമേറ്റെടുപ്പടക്കമുള്ള നടപടികൾക്ക് പ്രയാസമില്ലെന്നും രണ്ടര വർഷംകൊണ്ട് നിർമാണം തീർക്കുമെന്നും കെ.എം.ആർ.എൽ എംഡി ലോക്നാഥ് ബഹ്റ മീഡിയവണിനോട് പറഞ്ഞു.
കോഴിക്കോട് മെട്രോയുടെ സാധ്യത സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നതായും ലോക്നാഥ് ബെഹ്റ പറഞ്ഞു. മെട്രോയ്ക്ക് അനുയോജ്യമായ 18 കിലോമീറ്റർ കോറിഡോർ കണ്ടെത്തിയിട്ടുണ്ട് . അതിൽ കൂടുതൽ പഠനം ആവശ്യമാണെന്നും തിരുവനന്തപുരം മെട്രൊയ്ക്ക് ശേഷം അതിലേക്ക് കടക്കാമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി അംഗീകാരം നൽകി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു
Adjust Story Font
16

