Quantcast

'ഇത് ടീം യുഡിഎഫ്,2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും'; വി.ഡി സതീശന്‍

ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2025-06-23 08:39:18.0

Published:

23 Jun 2025 12:23 PM IST

ഇത് ടീം യുഡിഎഫ്,2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും; വി.ഡി സതീശന്‍
X

നിലമ്പൂർ: ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ വിജയത്തിന് പിന്നാലെയാണ് സതീശന്‍റെ പ്രതികരണം. ഇത് യുഡിഎഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാണ്. 2026-ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2700 വോട്ടിന് നഷ്ടമായ സീറ്റ് ഇത്തവണ അഞ്ചിരട്ടി വോട്ടിനാണ് ഞങ്ങൾ നിലമ്പൂരിൽ തിരിച്ചുപിടിച്ചതെന്ന് സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.' പാലക്കാടും പുതുപ്പള്ളിയിലും തൃക്കാക്കരയിലും ഇതുപോലെ വലിയ വിജയം കാഴ്ചവെച്ചു. എൽഡിഎഫിന്റെ 16,000ത്തോളം വോട്ടാണ് നിലമ്പൂരിൽ നഷ്ടപ്പെട്ടത്. ടീം യുഡിഎഫിന്റെ വിജയമാണിത്. എല്ലാ തെരഞ്ഞെടുപ്പിലും ഒരു പാർട്ടിയാണ് യുഡിഎഫ് പ്രവർത്തിച്ചിട്ടുള്ളത്. ജനങ്ങൾ എത്രമാത്രം വെറുപ്പോടെയാണ് ഈ സർക്കാറിനെ കാണുന്നത് എന്നതിന്റെ തെളിവാണ് ഈ വിജയം'.-സതീശന്‍ പറഞ്ഞു.

'എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ വിജയം.നിലമ്പൂരിലെ ജനങ്ങൾക്ക് ഞങ്ങളൊരു വാക്ക് നൽകിയിരുന്നു. നിങ്ങൾ ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയം നൽകിയാൽ 100ലധികം സീറ്റുമായി കൊടുങ്കാറ്റ് പോലെ യുഡിഎഫ് അധികാരത്തിൽ വരുമെന്നായിരുന്നു അത്.ആ വാക്ക് പാലിക്കാൻ യുഡിഎഫ് നേതൃത്വം പ്രതിജ്ഞാബദ്ധമാണ്.അതിന് വേണ്ടി കഠിനാധ്വാനം ചെയ്യും'-സതീശന്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് എങ്കിലും നേടാൻ കഴിയുമെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസ്സൻ പ്രതികരിച്ചു. ജനങ്ങൾ അതിശക്തമായ ഭരണ വികാരം പ്രകടിപ്പിച്ചു. അൻവറിന് കിട്ടിയ വോട്ടുകളും സർക്കാർ വിരുദ്ധ വോട്ടുകളാണ്. യുഡിഎഫ് ഐക്യത്തോടെ പ്രവർത്തിച്ചുവെന്നും ലീഗ് വലിയ വീറും വാശിയും കാണിച്ചുവെന്നും എം.എം ഹസ്സൻ പറഞ്ഞു.


TAGS :

Next Story