Quantcast

എൻഡിഎ കൺവീനറുടെ വീട്ടിലെ അത്താഴവിരുന്നിൽ തോമസ് ഐസകും എൽഡിഎഫ് സ്ഥാനാർത്ഥിയും; വിവാദം

വൈപ്പിനിൽ 8201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎൻ ഉണ്ണികൃഷ്ണൻ ജയിച്ചത്. ദീപക് ജോയ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി

MediaOne Logo

abs

  • Published:

    6 May 2021 4:38 AM GMT

എൻഡിഎ കൺവീനറുടെ വീട്ടിലെ അത്താഴവിരുന്നിൽ തോമസ് ഐസകും എൽഡിഎഫ് സ്ഥാനാർത്ഥിയും; വിവാദം
X

വൈപ്പിൻ: എൻഡിഎ വൈപ്പിൻ നിയോജക മണ്ഡലം കൺവീനർ രഞ്ജിത് രാജ്‌വിയുടെ വീട്ടിൽ തെരഞ്ഞെടുപ്പ് കാലത്ത് മുൻ മന്ത്രി തോമസ് ഐസകും സംഘവും അത്താഴവിരുന്നിൽ പങ്കെടുത്തത് വിവാദത്തിൽ. മന്ത്രിയെ കൂടാതെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് വിരുന്നിൽ പങ്കെടുത്തത്. എസ്എൻഡിപി ശാഖാ ഭാരവാഹികളും വീട്ടിലുണ്ടായിരുന്നു. മാതൃഭൂമിയാണ് വിവാദമായ അത്താഴ വിരുന്നിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

ഹിന്ദു ഐക്യവേദിയുടെ നേതാവു കൂടിയാണ് ബിഡിജെഎസ് രൂപവത്കരിച്ച കാലം മുതൽ നിയോജക മണ്ഡലം പ്രസിഡണ്ടായ രഞ്ജിത്. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എൻഡിപി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡണ്ടാണ്. മാർച്ച് 28ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെഎൻ ഉണ്ണികൃഷ്ണൻ വനിതാ സംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യം അറിയിച്ചത്. പ്രചാരണത്തിനായി വൈപ്പിനിലെത്തുന്ന ദിനമായതു കൊണ്ട് തോമസ് ഐസകും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

വീട്ടിലെത്തിയ നേതാക്കളെ ഏതുപാർട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുണ്ടായതെന്ന് രഞ്ജിത് പറയുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായി എസ്എൻഡിപിയിലെ ഇടത് അനുകൂല സംഘത്തിന്റെ യോഗം ചെറായിയിലെ പ്രമുഖ ഹോട്ടലിൽ ചേർന്നെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഈ യോഗത്തിൽ സിപിഎം സ്ഥാനാർത്ഥി പങ്കെടുത്തു. ബിഡിജെഎസ് നേതാക്കൾ വഴിയാണ് എൻഡിഎ വോട്ടുകളുടെ കച്ചവടം എൽഡിഎഫ് ഉറപ്പിച്ചത്- കോൺഗ്രസ് ബ്ലോക് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ വിഎസ് സോളിരാജ് ആരോപിച്ചു.

അതേസമയം, ആരോപണത്തിൽ കഴമ്പില്ലെന്ന് വിരുന്നിൽ പങ്കെടുത്ത സിപിഎം ഏരിയാ കമ്മിറ്റി അംഗം എപി പ്രിനിൽ പറഞ്ഞു. സാമൂഹിക പ്രവർത്തകയും സാമുദായിക സംഘടനാ നേതാവുമായ ഒരാളുടെ പിന്തുണ തേടിയാണ് പോയത്. പിന്നീട് ഇടതു സ്ഥാനാർത്ഥിക്കായി കൃഷ്ണകുമാരി പ്രചാരണത്തിന് ഇറങ്ങിയെന്നും പ്രിനിൽ ചൂണ്ടിക്കാട്ടി.

എസ് ശർമ്മയുടെ മണ്ഡലമായിരുന്ന വൈപ്പിനിൽ 8201 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎൻ ഉണ്ണികൃഷ്ണൻ ജയിച്ചത്. ദീപക് ജോയ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. ആദ്യമായി മത്സരരംഗത്തിറങ്ങിയ ട്വന്റി 20 മണ്ഡലത്തിൽ 16707 വോട്ടുകൾ പിടിച്ചത് നിർണായകമായി.

ചിത്രത്തിന് കടപ്പാട്- മാതൃഭൂമി

TAGS :

Next Story