Quantcast

ഉത്തരേന്ത്യന്‍ വ്ലോഗര്‍ വിദ്വേഷ വിഷം ചീറ്റുമ്പോള്‍ ഇവിടെ ചിലര്‍ കുടപിടിക്കുന്നത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളി -തൗഫീഖ് മമ്പാട്

'ഇസ്‌ലാമോഫോബിയ ക്രിമിനല്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം' -തൗഫീഖ് മമ്പാട്

MediaOne Logo

Web Desk

  • Published:

    24 Oct 2026 11:02 PM IST

thoufeeq mampad against amrit singh
X

കോഴിക്കോട്: ഫോര്‍ട്ട് കൊച്ചിയെയും കേരളത്തിന്റെ സൗഹാര്‍ദ്ദ മണ്ണിലെ മനുഷ്യരെയും ലക്ഷ്യമിട്ട് ഒരു ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ വിദ്വേഷ വിഷം ചീറ്റുമ്പോള്‍, അതിന് ഇവിടെത്തന്നെയുള്ള വെറുപ്പ് പേറുന്ന ചിലര്‍ കുടപിടിക്കുന്നത് കേരളീയ സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. മനുഷ്യരുടെ അധ്വാനത്തെയും ജീവനോപാധികളെയും വര്‍ഗീയക്കണ്ണോടെ നോക്കിക്കാണുന്ന ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തില്‍ ചന്തയുണ്ടാകില്ലെന്ന് ഈ വിദ്വേഷ പ്രചാരകര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരം മുസ്ലിം വിരുദ്ധ ക്രിമിനലുകള്‍ക്കും വിദ്വേഷ പ്രചാരകര്‍ക്കും ഒത്താശ പാടി നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് ഈ നാട് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമൂഹത്തെയും അവരുടെ ദൈനംദിന ജീവിതത്തെയും സംശയനിഴലില്‍ നിര്‍ത്തി ലാഭം കൊയ്യാനും കലാപത്തിന് കോപ്പുകൂട്ടാനും സാമൂഹിക സ്പര്‍ദ്ധ പ്രചരിപ്പിക്കാനും നടത്തുന്ന ഈ നീക്കങ്ങള്‍ക്കെതിരെ ആരായാലും മൗനം പാലിക്കുന്നത് വന്‍ അപരാധമാണ്. കേരളത്തിന്റെ ആഭ്യന്തര വകുപ്പും പൊലീസും ഇനിയും കാഴ്ചക്കാരായി നില്‍ക്കരുത്. നാടിന്റെ ശാന്തത തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച ഈ വര്‍ഗീയ ക്രിമിനലുകള്‍ക്കും അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്കുമെതിരെ വൈകാതെ തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വര്‍ഗീയ വിഷം തുപ്പുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് തഴച്ചുവളരാനുള്ള താവളമല്ല കേരളമെന്ന് ശക്തമായ നിയമനടപടികളിലൂടെ ഈ സര്‍ക്കാര്‍ തെളിയിച്ചേ മതിയാകൂ. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന ഇത്തരം ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെങ്കില്‍, കടുത്ത ജനകീയ പ്രതിരോധത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം, ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. നാടിനെ കാര്‍ന്നുതിന്നുന്ന മാരക വൈറസ് പോലെ പടരുന്ന 'ഇസ്ലാമോഫോബിയ'യെ കേവലമൊരു തിരിച്ചറിവോ പ്രസ്താവനയോ ആയി കാണാതെ, ഇസ്ലാമോഫോബിയ ക്രിമിനല്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം -തൗഫീഖ് മമ്പാട് ആവശ്യപ്പെട്ടു.

TAGS :

Next Story