Quantcast

തൊഴിയൂർ സുനിൽ വധക്കേസ്: മുഖ്യപ്രതി 31 വർഷത്തിനു ശേഷം അറസ്റ്റിൽ; പ്രതി ജംഇയ്യത്തുൽ ഇഹ്‌സാനിയ പ്രവർത്തകൻ

കേസിൽ സിപിഎം പ്രവർത്തകരുൾപ്പടെ ഒമ്പത് പേരെ ഗുരുവായൂർ പൊലീസ് പ്രതി ചേർത്ത് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ ഒമ്പത് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    6 Aug 2025 4:22 PM IST

തൊഴിയൂർ സുനിൽ വധക്കേസ്: മുഖ്യപ്രതി 31 വർഷത്തിനു ശേഷം അറസ്റ്റിൽ; പ്രതി ജംഇയ്യത്തുൽ ഇഹ്‌സാനിയ പ്രവർത്തകൻ
X

തൃശൂർ: ആർഎസ്എസ് പ്രവർത്തകനായിരുന്ന തൃശ്ശൂർ തൊഴിയൂരിലെ സുനിലിലെ വെട്ടിക്കൊന്ന് കുടുംബാംഗങ്ങളെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 31 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ആക്രമണത്തിന് നേതൃത്വം കൊടുത്ത ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ മുഖ്യ പ്രവർത്തകൻ വാടാനപ്പിള്ളി അഞ്ചങ്ങാടി പുയ്യു വീട്ടിൽ ഷാജുദ്ദീൻ ( ഷാജു-55) ആണ് പിടിയിലായത്. സംഭവശേഷം വിദേശത്തേക്ക് കടന്ന പ്രതി രണ്ടാഴ്ച മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. 1994 ഡിസംബർ നാലിനായിരുന്നു സംഭവം. കൊലക്ക് ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ഊർജിത അന്വേഷണത്തിലായിരുന്നു.

കേസിൽ സിപിഎം പ്രവർത്തകരുൾപ്പടെ ഒമ്പത് പേരെ ഗുരുവായൂർ പൊലീസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നാലു പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇവരുടെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി നല്കിയ നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ ഒമ്പത് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയതും അഞ്ചു പേരെ അറസ്റ്റ് ചെയ്തതും.

1991-ൽ പാസ്‌പോർട്ട് എടുത്ത ഷാജുദ്ദീൻ 1995-ന്റെ ആദ്യം വിദേശത്തേക്ക് കടന്നു. വിദേശത്തുവെച്ച് 2005,2011,2021 വർഷങ്ങളിൽ പാസ്‌പോർട്ട് പുതുക്കി. പാസ്‌പോർട്ടിലെ ഫോട്ടോയിൽ രൂപമാറ്റം സംഭവിച്ച ഷാജുദ്ദീനെ കണ്ടെത്തുക പ്രയാസമായിരുന്നു. കേസിന്റെ പിന്നാലെ കൂടിയ കേരള പൊലീസ്, 2001-ൽ ഷാജുദ്ദീൻ വിദേശത്ത് ജോലിക്കായി നല്കിയ അപേക്ഷയോടൊപ്പം സമർപ്പിച്ച ബയോഡാറ്റയും ഫോട്ടോയും കണ്ടെത്തി. അതിനെ പിൻപറ്റിയായിരുന്നു തുടരന്വേഷണം. പാസ്‌പോർട്ട് നമ്പറാണ് പിടികൂടുന്നതിന് തുണയായത്. ഷാജുദ്ദീനെ തിരിച്ചറിഞ്ഞ് സ്ഥലവും കണ്ടെത്തിയ പൊലീസ് ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. പുതിയ പാസ്‌പോർട്ടുമായി ജൂലായ് 20-ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പിടികൂടി.

ഒമ്പത് പ്രതികളില് ഒന്നാം പ്രതി സെയ്തലവി അൻവരി, നഹാസ് എന്നിവരെപിടികൂടാനായില്ല. ഒരു പ്രതി മരിച്ചു. മറ്റ് ആറു പേരാണ് പിടിയിലായത്. ചേകന്നൂർ മൗലവി തിരോധാനക്കേസിൽ മുഖ്യപ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി സെയ്തലവി അൻവരി. അൻവരിയുടെ വലംകയ്യായി പ്രവർത്തിച്ചയാളാണ് ഇപ്പോൾ പിടിയിലായ ഷാജുദ്ദീൻ. തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്കാൻ സർക്കാർ ഈയിടെ ഉത്തരവിട്ടിരുന്നു. തെറ്റായി പ്രതി ചേർത്ത പോലീസുകാർക്ക് നേരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

TAGS :

Next Story