Quantcast

'ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറുത്തു'; പാനൂര്‍ കൊലയിൽ പ്രതിയുടെ കുറ്റസമ്മത മൊഴി

കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണ് ഇയാൾ ചുറ്റിക വാങ്ങിയത്. ദിവസങ്ങളായി ശ്യാംജിത് വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-22 15:56:53.0

Published:

22 Oct 2022 1:22 PM GMT

ചുറ്റികയ്ക്ക്  അടിച്ചുവീഴ്ത്തി, കഴുത്തറുത്തു; പാനൂര്‍ കൊലയിൽ പ്രതിയുടെ കുറ്റസമ്മത മൊഴി
X

കണ്ണൂർ: പാനൂരിൽ 23കാരിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ശ്യാംജിതിന്റെ കുറ്റസമ്മതമൊഴി പുറത്ത്. വീട്ടില്‍ കയറി വിഷ്ണുപ്രിയയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു എന്നാണ് പ്രതിയുടെ മൊഴി.

ആദ്യം അടുക്കളയിലേക്കാണ് പ്രതി പോയത്. ഇവിടെ വിഷ്ണുപ്രിയയെ കണ്ടില്ല. തുടർന്ന് മുറിയിലേക്ക് പോവുകയായിരുന്നു. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വിഷ്ണുപ്രിയ സുഹൃത്തുമായി വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ആയിരുന്നു. പ്രതിയെ കണ്ട് ഭയന്ന് പരിഭ്രാന്തയായി ഇയാളുടെ പേരു വിളിച്ചുപറഞ്ഞ് വിഷ്ണുപ്രിയ ചാടിയെഴുന്നേറ്റു. ഈ സമയം കൈയിലിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിക്കുകയായിരുന്നു.

കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണ് ഇയാൾ ചുറ്റിക വാങ്ങിയത്. ദിവസങ്ങളായി ശ്യാംജിത് വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയ്ക്കാണ് യുവതിയുടെ പിതാവിന്റെ സഹോദരി മരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് വിഷ്ണുപ്രിയയെ ഒറ്റയ്ക്ക് ഒത്തുകിട്ടുമോ എന്ന് ഇയാള്‍ നോക്കിയിരുന്നു. അതിനിടയ്ക്കാണ് മരണാനന്തര ചടങ്ങ് നടക്കുന്ന വീട്ടിൽ നിന്ന് വിഷ്ണുപ്രിയ ഒറ്റയ്ക്ക് വീട്ടിലേക്കെത്തുന്നത് ഇയാള്‍ കണ്ടതും കുറച്ചുനേരത്തിനു ശേഷം വീട്ടിലെത്തി കൊലപാതകം നടത്തിയതും.

മരണം ഉറപ്പാക്കിയ ശേഷം രക്ഷപെട്ടു. പ്രണയനിഷേധം കടുത്ത പകയായെന്നും കൊല നടത്തിയത് വിഷ്ണുപ്രിയയെ ദിവസസങ്ങളോളം നിരീക്ഷിച്ചതിനു ശേഷമാണെന്നും ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോടു വ്യക്തമാക്കി. പ്രണയത്തിലായിരുന്ന വിഷ്ണുപ്രിയയും മുൻ കാമുകനായ ശ്യാംജിതും ഇടക്കാലത്ത് പിണങ്ങിയിരുന്നു. തുടർന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു. ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

പാനൂർ പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം മനസിലാക്കി എത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചു നടന്ന ആസൂത്രിത കൊലപാതമാണിതെന്ന് പൊലീസ് പറയുന്നു. അതേസമയം, പ്രതി നേരത്തെയും വിഷ്ണു പ്രിയയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ വീടും പരിസരവുമൊക്കെ ഇയാൾക്ക് കൃത്യമായി അറിയാമായിരുന്നു. 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്.

ജോലി കിട്ടിയ സഹോദരൻ ഹൈദരാബാദിലേക്കും ബന്ധു മരിച്ചതിന്റെ ഏഴാം ദിവസമായതിനാൽ മാതാവും സഹോദരിമാരും അങ്ങോട്ടേക്കും പോയ സമയത്തായിരുന്നു ക്രൂര കൊലപാതകം. 12.45ഓടെ ചടങ്ങ് കഴിഞ്ഞ് മാതാവ് വീട്ടിലെത്തിയപ്പോഴാണ് കഴുത്തറുത്ത് ക്രൂരമായി നിലയില്‍ കൊല്ലപ്പെട്ട നിലയിൽ മകളെ കാണുന്നത്. ഉടൻ നിലവിളിച്ച് പുറത്തേക്കോടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

കൊലയ്ക്കു ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. വിഷ്ണുപ്രിയയുടെ സുഹൃത്ത് നൽകിയ മൊഴിയാണ് പ്രതിയെ പിടികൂടാൻ നിർണായക സഹായകമായത്. സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഉടൻ ഫോൺ സ്വിച്ച് ഓഫായി.

ഇക്കാര്യമാണ് സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇയാളുടെ ചിത്രം സുഹൃത്ത് സ്ക്രീൻ റെക്കോർഡ് ചെയ്തിരുന്നു. തുടർന്ന് പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് ടവർ ലൊക്കേഷൻ പരിശോധിച്ചു. 11.30 മുതൽ 12.30 വരെ ഇയാൾ ഇവിടെയുണ്ടായിരുന്നതായുള്ള കൃത്യമായ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ലഭിച്ചു. ഇതോടെയാണ് ഇയാൾക്കായി തെരച്ചിൽ നടത്തുകയും ഒരു മണിക്കൂറിനുള്ളിൽ പിടികൂടാൻ സാധിച്ചതും. കൂത്തുപറമ്പ് എ.സി.പി ഓഫിസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

അതേസമയം, വിഷ്ണുപ്രിയയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ​ഗൾഫിലുള്ള പിതാവ് നാട്ടിലെത്തിയ ശേഷം സംസ്കരിക്കും.

TAGS :

Next Story