'ചേർത്തു പിടിച്ചതിനും ആശ്വസിപ്പിച്ചതിനും നന്ദി, എന്‍റേത് ഒരു സാമൂഹിക ബാധ്യത മാത്രം, എല്ലാവരും അംഗീകരിക്കണമെന്ന വാശി എനിക്കില്ല'; ടി.കെ അഷ്റഫ്
എനിക്കുണ്ടായ പ്രയാസത്തിൽ ആശ്വാസം പകർന്നുകൊണ്ട് ധാരാളം സുഹൃത്തുക്കൾ മുന്നോട്ടു വന്നിട്ടുണ്ട്

മലപ്പുറം: സൂംബ വിവാദത്തിൽ താനെടുത്ത നിലപാട് ഒരു സാമൂഹിക ബാധ്യത മാത്രമാണെന്നും തന്‍റെ നിലപാടിലും അത് പ്രകടിപ്പിച്ച രീതിയിലും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടാകാമെന്നും വിസ്‍ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷൻ ജനറൽ സെക്രട്ടറിയും അധ്യാപകനുമായി ടി.കെ അഷ്റഫ്. സസ്പെന്‍ഷന് ശേഷം അഷ്റഫ് കഴിഞ്ഞ ദിവസം സ്കൂളിൽ വീണ്ടും ജോലിക്ക് കയറിയിരുന്നു. ചേര്‍ത്തുപിടിച്ചതിനും ആശ്വസിപ്പിച്ചതിനും നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അഷ്‌റഫിന്‍റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടി പുനഃപരിശോധിക്കാൻ മാനേജ്‌മെന്‍റിന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. അധ്യാപകന്റെ വിശദീകരണം കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളിൽ സൂംബ ഡാൻസ് നിർബന്ധമാക്കുന്നതിന് എതിരെ ടി.കെ അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരേ...
ഞാനിന്നലെ സ്കൂളിൽ തിരിച്ചെത്തി. എല്ലാവർക്കും നന്ദി. ചേർത്തു പിടിച്ചതിനും ആശ്വസിപ്പിച്ചതിനും. പലരും ഹൃദയം പൊട്ടി പ്രാർഥിച്ചിട്ടുണ്ട്. സർവ്വശക്തൻ ആ പ്രാർഥന കേട്ടു. ഞാൻ എടുത്ത നിലപാട് ഒരു സാമൂഹിക ബാധ്യത മാത്രമാണ്. എൻ്റെ നിലപാടിലും അത് പ്രകടിപ്പിച്ച രീതിയിലും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടാകാം. ഞാനതിനെ ബഹുമാനിക്കുന്നു. എന്‍റേതായ ന്യായങ്ങൾ എനിക്കുമുണ്ട്. അത് എല്ലാവരും അംഗീകരിക്കണമെന്ന വാശി എനിക്കില്ല.
എനിക്കുണ്ടായ പ്രയാസത്തിൽ ആശ്വാസം പകർന്നുകൊണ്ട് ധാരാളം സുഹൃത്തുക്കൾ മുന്നോട്ടു വന്നിട്ടുണ്ട്. പ്രത്യേകിച്ച് എൻ്റെ അഡ്വക്കേറ്റ് ബി.കലാം പാഷയും അദ്ദേഹത്തിൻ്റെ ടീമും എനിക്ക് വേണ്ടി ചെയ്തത് കേവലം സേവനമല്ല; ത്യാഗം തന്നെയായിരുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ നന്ദിയോട് കൂടി സ്മരിക്കുന്നു. സർവ്വശക്തൻ നമ്മെയും നമ്മുടെ നാടിനെയും രക്ഷിക്കട്ടെ.
Adjust Story Font
16

