കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണ നിര്‍ണായകമാണ്

കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ പ്രതാപനും. ഹൈക്കമാൻഡിനെ തന്‍റെ താൽപര്യം പ്രതാപൻ അറിയിച്ചിട്ടുണ്ട്. കെ.സി പക്ഷത്തുള്ള പ്രതാപൻ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പിന്തുണയും തേടിയതായാണ് സൂചന. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണ നിര്‍ണായകമാണ്.
കൊടിക്കുന്നിൽ സുരേഷും അധ്യക്ഷ പദവിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. 52 ദലിത്-ആദിവാസി സംഘടനകള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍, സംവരണ സമുദായ മുന്നണി എന്നിവയുടെ നേതൃത്വത്തിലാണ് കത്തയച്ചിരിക്കുന്നത്. ദലിതരുടെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ദളിത് ചിന്തകനും നേതാവുമായ സണ്ണി എം.കപിക്കാട് കത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരുന്നു.
തുടര്‍ച്ചയായി ആറുതവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിന് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ തക്ക കഴിവും സീനിയോറിറ്റിയുമുണ്ട്. കൂടാതെ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധവും പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഉയര്‍ന്ന പദവികളിലെ പ്രവര്‍ത്തന പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്.
നിലവില്‍ എംപിയായ കൊടിക്കുന്നിലിന് 'ഒരാള്‍ക്ക് ഒരു പദവി' എന്ന മാനദണ്ഡം തിരിച്ചടിയായേക്കാം. എങ്കിലും അസം (തരുണ്‍ ഗൊഗോയ്), തമിഴ്നാട് (മാണിക്കം ടാഗോര്‍) തുടങ്ങിയ സംസ്ഥാനങ്ങളില്‍ എംപിമാര്‍ക്ക് ഇളവ് നല്‍കി പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയ മാതൃക ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങി പരിഗണിക്കപ്പെടുന്ന മറ്റു പല നേതാക്കള്‍ക്കും ഇരട്ടപ്പദവി തടസ്സമായേക്കാം. എന്തായാലും കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.
Adjust Story Font
16

