Quantcast

പോയില്ലെങ്കിൽ ഷാർജയിലെ ജ്വല്ലറിപ്പണി പോകുമെന്ന് തച്ചങ്കരി; ജയിലില്‍ നിന്ന് ഇറങ്ങിയതല്ലേയുള്ളൂ, കുറച്ച് കഴിയട്ടെയെന്ന് ഹൈക്കോടതി

വിദേശയാത്രാനുമതി തേടിയുള്ള തച്ചങ്കരിയുടെ ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

MediaOne Logo

Web Desk

  • Published:

    25 Oct 2026 4:39 PM IST

പോയില്ലെങ്കിൽ ഷാർജയിലെ ജ്വല്ലറിപ്പണി പോകുമെന്ന് തച്ചങ്കരി; ജയിലില്‍ നിന്ന് ഇറങ്ങിയതല്ലേയുള്ളൂ, കുറച്ച് കഴിയട്ടെയെന്ന് ഹൈക്കോടതി
X

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി വിദേശയാത്രാനുമതി തേടി നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ഒക്ടോബര്‍ 26-ന് ഷാര്‍ജയിലേക്ക് ജോലി സംബന്ധമായി പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തച്ചങ്കരിയുടെ ഹരജി. ഷാര്‍ജയിലെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ ഓപറേറ്റിങ് മാനേജരായി ജോലിയുണ്ടെന്നും ഉടന്‍ പോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ ഹരജി. നാല് വര്‍ഷം തടവിനും 30,84,892 രൂപ പിഴയടക്കാനുമുള്ള കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചതിനാല്‍ തച്ചങ്കരി ഉപാധികളോടെ ജാമ്യത്തിലാണ് നിലവില്‍.

അതേസമയം, ജയിലില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയതല്ലേയെന്നും കുറച്ച് കഴിയട്ടെയും ഹരജി പരിഗണിക്കുന്നതിനിടെ കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. നവംബര്‍ രണ്ടിന് ഹരജി വീണ്ടും പരിഗണിക്കും.

2003 ജനുവരി ഒന്ന് മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ കേസ്. അന്വേഷണത്തില്‍ ഏകദേശം 64.70 ലക്ഷം രൂപയുടെ സ്വത്ത് തച്ചങ്കരിയുടെ അറിയപ്പെടുന്ന വരുമാനത്തേക്കാള്‍ അധികമാണെന്നും ഇത് അറിയപ്പെടുന്ന വരുമാനത്തിന്റെ 135 ശതമാനത്തിലധികം വരുമെന്നും വിജിലന്‍സ് കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. അധിക സ്വത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ആരോപിക്കുകയുണ്ടായി.

തച്ചങ്കരിയുടെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്ന് 2013ലാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ആദ്യം തൃശൂര്‍ വിജിലന്‍സ് കോടതിയിലും പിന്നീട് മൂവാറ്റുപുഴയിലുമായിരുന്നു പരിഗണിച്ചിരുന്നത്. തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റുന്നത്.

TAGS :

Next Story