ബാലൻ എന്തെങ്കിലും പറഞ്ഞെങ്കിൽ ബാലനോട് പോയി ചോദിക്ക്; ജമാഅത്തെ ഇസ്‌ലാമിയാണ് ആഭ്യന്തര മന്ത്രിയാകാൻ പോകുന്നതെന്ന് സിപിഎം തീരുമാനിച്ചിട്ടില്ല: ടി.പി രാമകൃഷ്ണൻ
ജമാഅത്തെ ഇസ്‌ലാമിയാണ് ആഭ്യന്തര മന്ത്രിയാകാൻ പോകുന്നതെന്ന് സിപിഎം തീരുമാനിച്ചിട്ടില്ല. യുഡിഎഫ് തന്നെ ഇവിടെ അധികാരത്തിലെത്താൻ പോകുന്നില്ല. അപ്പോൾ ജമാഅത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു

- Updated:
2026-01-10 01:17:35.0

തിരുവനന്തപുരം: മാറാട് പരാമർശത്തിൽ എ.കെ ബാലനെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. മാറാട് അടഞ്ഞ വിഷയമാണെന്നും ബാലൻ പറഞ്ഞതിനെ കുറിച്ച് ബാലനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയാണ് ആഭ്യന്തര മന്ത്രിയാകാൻ പോകുന്നതെന്ന് സിപിഎം തീരുമാനിച്ചിട്ടില്ല. യുഡിഎഫ് തന്നെ ഇവിടെ അധികാരത്തിലെത്താൻ പോകുന്നില്ല. അപ്പോൾ ജമാഅത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
മാറാട് സന്ദർശിച്ചപ്പോൾ പിണറായിക്കൊപ്പം താനുണ്ടായിരുന്നു. മാറാട് കൂട്ടക്കൊല നടന്നപ്പോൾ കുഞ്ഞാലിക്കുട്ടിയെ അങ്ങോട്ട് പ്രവേശിപ്പിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന ആന്റണിക്ക് സഹപ്രവർത്തകനായ മന്ത്രിയെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. മാറാട് സന്ദർശിച്ച അനുഭവമാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുകയെന്നും അതോടെ മാറാടുകൾ ആവർത്തിക്കുമെന്നും ആയിരുന്നു എ.കെ ബാലന്റെ പ്രസ്താവന. മാറാട് കലാപം കേരളത്തിന്റെ അനുഭവമാണ്, അത് ഓർമിപ്പിക്കുകയാണ് എ.കെ ബാലൻ ചെയ്തത് എന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം.
Adjust Story Font
16
