'മനസിലായോ, ഇങ്ങനെ തന്നെ വിളിക്കണം'; എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിശീലനം-വിഡിയോ വൈറലാകുന്നു
ജാഥാ ലീഡറായ എം.വി ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാടായ പിണറായിലായിരുന്നു മുദ്രാവാക്യം വിളിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ പരിശീലന നൽകിയത്. ജാഥാ ലീഡറായ എം.വി ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ജാഥാ ക്യാപ്റ്റന് അതിഥിതൊഴിലാളികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതായിരുന്നു പരിപാടി. തൊഴിലാളികള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെയാണെന്ന് നേതാക്കള്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.ഹിന്ദിയില്‍ എഴുതിയ ബാനര്‍ പിടിച്ചായിരുന്നു 50ഓളം വരുന്ന തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചത്.
അതിനിടെ, എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വയനാട്ടിലെത്തി. മാനന്തവാടി തളിപ്പുഴയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് മാനന്തവാടി ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. ജാഥ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. എൽഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. ജാഥ ഇന്നും ജില്ലയിൽ തുടരും. കൽപ്പറ്റയിലെ സ്വീകരണ പരിപാടിക്ക് ശേഷം ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.
അതേസമയം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. വൈകുന്നേരം മൂന്ന് മണിക്ക് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയാണ് ജാഥ നയിക്കുന്നത്. എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥ വയനാട്ടിലെ പര്യടനം പൂർത്തിയാക്കി ഉച്ചയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഇന്ന് തൃശൂർ ജില്ലയിലാണ് പര്യടനം നടത്തുന്നത്.
Adjust Story Font
16

