Quantcast

'സർക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് വിചാരിക്കേണ്ട'- കെ.എസ്.ആർ.ടി.സി സമരത്തെ വിമർശിച്ച് ആന്റണി രാജു

ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ഇന്ന് പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    11 May 2022 11:58 AM GMT

antony raju, cpm, highcourt
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സമരത്തിൽ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിനെ വിരട്ടി കാര്യം നേടാമെന്ന വിചാരിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത് യൂനിയനുകളാണെന്ന് ആന്റണി രാജു വിമർശിച്ചു. അവരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സർക്കാരിനെ വിരട്ടി ഇങ്ങനെ കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ട. ആവശ്യമുണ്ടെങ്കിലേ വിഷയത്തിൽ സർക്കാർ ഇടപെടൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയോട് അധികതുക നൽകാൻ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് കാര്യങ്ങൾ വ്യക്തമായി അറിയാം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. യൂനിയൻ നേതാക്കളുടെ വാക്കുകേട്ട് പണിമുടക്കിലേക്ക് പോയതല്ലേ. ശമ്പളം കിട്ടാത്തതിന് സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. താൻ കെ.എസ്.ആർ.ടി.സിയുടെ കണക്കപിള്ളയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതിൽ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടി.ഡി.എഫ് വർക്കിങ് പ്രസിഡന്റ് ആർ. ശശിധരൻ ആരോപിച്ചു. പണിമുടക്ക് മഹാ അപരാധമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇത് പ്രകോപനപരമായ പ്രസ്താവനയാണ്. ശമ്പളം നൽകേണ്ട ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട്. കെ.എസ്.ആർ.ടി.സി പണിമുടക്കിനെ വിമർശിച്ചവർ എന്തുകൊണ്ട് അഖിലേന്ത്യാ പണിമുടക്കിനെക്കുറിച്ച് പറയുന്നില്ലെന്നും ആർ. ശശിധരൻ ചോദിച്ചു. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ടി.ഡി.എഫ് ആവശ്യപ്പെട്ടു.

ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സി.ഐ.ടി.യുവും എ.ഐ.ടി.യു.സി.യും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്ന് കെ.എസ്.ആർ.ടി.ഇ.എ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അസോസിയേഷൻ സൂചിപ്പിച്ചു.

Summary: Transport Minister Antony Raju criticizes KSRTC strike over salary delay

TAGS :

Next Story