'ഗണേഷ് കുമാറിനെതിരെ ഭാര്യയുടെ പരാതി ഉണ്ടാകുമോ?'; ഉറ്റുനോക്കി സർക്കാർ,ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
2011ലെ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഗാർഹിക പീഡന പരാതിയിൽ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തെറിച്ചതാണ്

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ ഭാര്യയുടെ പരാതി ഉണ്ടാകുമോ എന്ന് ഉറ്റുനോക്കി സർക്കാർ. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ വിവാദം രാഷ്ട്രീയമായും ചർച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം. പരാതി ലഭിച്ചാൽ ഉടനടി തുടർനടപടി സ്വീകരിക്കുമെന്നും,ആദ്യഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് സർക്കാർ വിശദീകരണം.
2011ലെ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഗാർഹിക പീഡന പരാതിയിൽ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തെറിച്ചതാണ്. പിന്നീട് ഇരുവരും വിവാഹമോചിതരായി. വീണ്ടും ഒരു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരാതി ഇല്ലെങ്കിലും ഗണേശിന് എതിരെ ഗുരുതര ആരോപണം ഉയർത്തുന്നുണ്ട് ഭാര്യ ബിന്ദു മേനോൻ. വാളകത്തെ കുടുംബവീട്ടിൽ വച്ച് ഗണേശിനെ ഒരു സ്ത്രീക്കൊപ്പം മോശമായ രീതിയിൽ കണ്ടു എന്നാണ് ബിന്ദു പറയുന്നത്. അതിന്‍റെ ചിത്രങ്ങൾ എടുത്ത ഫോൺ ബലമായി പിടിച്ച് വാങ്ങാൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ശ്രമിച്ചു എന്നും ആരോപിച്ചിരുന്നു.
സ്ത്രീ സുരക്ഷാ പ്രധാനപ്പെട്ട മുദ്രാവാക്യമായി ഉയർത്തുന്ന ഇടതുമുന്നണിക്ക് മുന്നിൽ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് ഈ ആരോപണം. രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ പരാതികൾ രാഷ്ട്രീയമായി ഒരുപാട് ഉപയോഗിച്ചിട്ടുണ്ട് ഇടതുമുന്നണി. അതുകൊണ്ട് ഗണേശിന് എതിരായ ആരോപണം തിരിച്ചടിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുമെന്ന് ഉറപ്പ്.
ഇതുവരെ ഗണേഷിന്റെ ഭാര്യ പരാതി നൽകാത്തതാണ് സർക്കാരിന്‍റെ പിടിവള്ളി. പരാതി നൽകാൻ തയ്യാറെല്ലെന്നു ഇന്നലെ ബിന്ദു വ്യക്തമാക്കിയിരുന്നെങ്കിലും വരും ദിവസങ്ങളിൽ മനം മാറ്റംഉണ്ടാകുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെയെങ്കിൽ പൊലീസിന് കേസെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല.
മന്ത്രിസ്ഥാനം രാജിവെക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല ഇടതുമുന്നണി.എന്നാൽ പരാതി കുറച്ച് കടുത്തതാണെങ്കിൽ നടപടിയും കടുത്തതാവും. പൊലീസിന്റെ ഭാഗത്ത് ആദ്യഘട്ടത്തിൽ വീഴ്ച ഉണ്ടായി എന്നാണ് പ്രതിപക്ഷത്തിൻ്റെ മറ്റൊരാരോപണം.വാളകത്തെ വീട്ടിലേക്ക് പൊലീസിനെ കയറാൻ ഗണേശന്റെ സ്റ്റാഫുകൾ സമ്മതിച്ചില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. ഇതും സർക്കാരിന് രാഷ്ട്രീയ ബാധ്യതയായി മാറിയിട്ടുണ്ട് . കുടുംബ കാര്യമാണെന്ന് പറഞ്ഞതുകൊണ്ടാണ് വിഷയത്തിൽ അന്ന് ഇടപെടാതിരുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം,എന്തായാലും തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കാൻ പ്രാപ്തിയുള്ളതാണ് ഗണേശുമായി ബന്ധപ്പെട്ട പുതിയ വിവാദം.
അതിനിടെ, മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണങ്ങളിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. മന്ത്രിയുടെ പത്തനാപുരത്തെ ഓഫീസിലേക്ക് ഇന്ന് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. മഹിളാ കോൺഗ്രസ്, കെ.എസ്.യു, യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി എന്നിവർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. യുവ മോർച്ചയുടെ നേതൃത്വത്തിൽ മന്ത്രിയുടെ വീട്ടിലേക്കാണ് മാർച്ച്നടക്കുക.
കഴിഞ്ഞ ദിവസം കെഎസ്‍യു വിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദുകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്.പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ എംഎൽഎ ഓഫീസിലും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കി.
Adjust Story Font
16

