തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമന വിവാദം; പുതിയ ഉത്തരവ് പുറത്തിറങ്ങി
മുൻ ദേവസ്വം ക്ലർക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റൻറ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ ആയിരുന്നു നേരത്തെ നിയമനം. ഇതിൽ മന്ത്രി അതൃപ്തി അറിയിച്ചിരുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമന വിവാദത്തിന് പിന്നാലെ ഭേദഗതി വരുത്തിയ ഉത്തരവ് പുറത്തിറങ്ങി. മുൻ ദേവസ്വം ക്ലർക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റൻറ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ ആയിരുന്നു നേരത്തെ നിയമനം.വിജിലൻസ് ഓഫീസറായി നിയമിച്ച വിഷ്ണു ജെ.എസ്സിനെ മുണ്ടക്കയം അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ആയി മാറ്റി നിയമിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രി കെ.മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. അതിന് പിന്നാലെയാണ് മാറ്റം. ബോർഡിന് കീഴിൽ വരുന്ന വള്ളിയംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ശ്യാം പ്രകാശിനെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. 'ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത വ്യക്തിയെ ഉന്നതപദവിയിൽ നിയമിച്ചത് പുനഃപരിശോധിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനോട് ആവശ്യപ്പെടുകയായിരുന്നു.
ശബരിമലയിലെ സ്വർണപാളി ചെമ്പെന്ന് രേഖപ്പെടുത്തിയ സമയത്തെ ഉദ്യോഗസ്ഥനായിരുന്നു ശ്യാം. ശബരിമല സ്വർണക്കൊള്ള അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ശ്യാമിനെ ചോദ്യം ചെയ്തിരുന്നു. സംശയമുനയിൽ നിൽക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോലെയുള്ള നിർണായക പദവി നൽകിയതിലാണ് മന്ത്രിക്ക് അതൃപ്തി. വർക്കല ഗ്രൂപ്പിന് കീഴിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷ്ണറായിരുന്നു ശ്യാം പ്രകാശ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിലാണ് മുണ്ടക്കയം ഗ്രൂപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫറീസറായി ശ്യാം പ്രകാശിനെ നിയമിച്ചത്. അതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
Adjust Story Font
16

