Quantcast

'പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ... സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ...'; തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം

'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിന്റെ പാരഡിയായ ഈ ​ഗാനം സോഷ്യൽമീഡിയയിൽ ട്രെൻഡാണ്.

MediaOne Logo

Web Desk

  • Published:

    14 Dec 2025 12:14 PM IST

Trending Parody Song in Local body election
X

കോഴിക്കോട്: പാരഡി ​ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകൾ. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികൾക്കായി നിരവധി പാട്ടുകൾ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കിൽ‌ ആ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്തവരുടെ നാവിൽപ്പോലും അത് അറിയാതെ വരികയും ചെയ്യും. വാർഡിലെയും നാട്ടിലേയും വികസന മുരടിപ്പുകളേയും അഴിമതികളേയും തട്ടിപ്പുകളേയും കുറിച്ചുമൊക്കെ വോട്ടർമാരെ ബോധവത്കരിക്കുന്നതിലും സ്ഥാനാർഥിയുടെയും മുന്നണിയുടേയും മേന്മ പറഞ്ഞ് വോട്ട് കീശയിലാക്കുന്നതിലും പാരഡി ​ഗാനങ്ങൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

അത്തരത്തിൽ ഈ തദ്ദേശ തെരഞ്ഞെടുപ്പ് മൊത്തത്തിൽ തൂക്കിയൊരു ​പാരഡി ​ഗാനമുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഎമ്മിനുമെതിരെ ഇറക്കിയ ആ​ പാരഡി​ഗാനമായിരുന്നു ഇത്തവണത്തെ താരം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റി സ്വർണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വർണം കട്ടതെന്നും പറയുന്ന ഈ പാട്ട് ഒരു തവണയെങ്കിലും കേൾക്കാത്തവരുണ്ടാകില്ല.

'പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ... സ്വർണപ്പാളികൾ മാറ്റിയേ, ശാസ്താവിൻ ധനമൂറ്റിയേ... സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ... ലോഹം മാറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ... ആചാരങ്ങളെ ലംഘിക്കാനായി അമ്മിണിമാരെ മലകേറ്റീ... അകവും പുറവും കൊള്ളയടിക്കാൻ നിയമിച്ചുള്ളത് ഒരു പോറ്റീ...- ഇങ്ങനെ പോകുന്നു പാട്ടിലെ വരികൾ. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിന്റെ പാരഡിയാണിത്.

ഇൻസ്റ്റ​ഗ്രാമിലടക്കം സോഷ്യൽമീഡിയയിൽ ട്രെൻഡായ ഈ പാരഡിപ്പാട്ട് ഇപ്പോഴും നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളെ കണ്ട കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഈ ​ഗാനം പാടിയിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരുടെ രസകരമായ കമന്റുകളും കാണാം. എഴുതിയവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഇതിപ്പോ ഒറിജിനൽ മറന്നല്ലോ, എന്തൊരു അർഥവത്തായ വരികൾ, വയലാർ എഴുതുമോ ഇതുപോലെ എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ.

ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. കേസിൽ ഇയാളെ കൂടാതെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എൻ. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു തുടങ്ങിയവരും അറസ്റ്റിലായിരുന്നു.

TAGS :

Next Story