Quantcast

ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികൾ തമ്മിൽ അടിപിടി, ഒരാൾക്ക് പരിക്ക്

കഴിഞ്ഞ ദിവസം സ്കൂളിന് പുറത്തായിരുന്നു സംഭവം

MediaOne Logo

Web Desk

  • Updated:

    2026-07-14 07:34:43

Published:

14 July 2026 11:44 AM IST

ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികൾ തമ്മിൽ അടിപിടി, ഒരാൾക്ക് പരിക്ക്
X

AI Image

തിരുവനന്തപുരം: നഗരൂർ കൊടുവഴന്നൂർ ഗവ. സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നത് സംബന്ധിച്ചുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്കൂളിന് പുറത്തായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിയായ കിളിമാനൂർ സ്വദേശി ബാസിത്തിനാണ് മർദനമേറ്റത്.സ്കൂളിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിന് അരികിലായിരുന്നു പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ ഇൻസ്റ്റഗ്രാം പേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം വിദ്യാർഥികൾക്കുമിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം സ്കൂളിന് വെളിയിൽ വെച്ച് ഇരുവിഭാഗവും നേരിട്ട് ഏറ്റുമുട്ടിയത്.

പ്ലസ് വൺ വിദ്യാർഥിയായ ബാസിദും പ്ലസ് ടു വിദ്യാർഥിയായ മറ്റൊരു കുട്ടിയും തമ്മിലാണ് പ്രധാനമായും കൈയാങ്കളിയുണ്ടായത്. സഹപാഠികൾ നോക്കിനിൽക്കെയായിരുന്നു ഇരുവരും തമ്മിലുള്ള അടിപിടി. സംഘർഷത്തിനിടയിൽ സഹപാഠികളിലൊരാൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നുമുണ്ട്യ ദൃശ്യങ്ങളിൽ, പ്ലസ് ടു വിദ്യാർഥി ബാസിദിനെ ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിക്കുന്നതും കുട്ടി ശ്വാസം കിട്ടാതെ പിടയുന്നതും കാണാം. കണ്ടുനിന്ന മറ്റ് വിദ്യാർഥികൾ ഉടൻ തന്നെ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

സംഭവത്തിൽ നിലവിൽ പൊലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് നഗരൂർ പൊലീസ് അറിയിച്ചു. എങ്കിലും അടിപിടിയുടെ ദൃശ്യങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിൽ കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.



TAGS :

Next Story