Quantcast

സാമുദായിക സന്തുലനം, തലമുറമാറ്റം: പ്രതിപക്ഷനേതാവിന്‍റെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നു

ജൂണിൽ നടക്കുമെന്ന് കരുതുന്ന വിപുലമായ എ.ഐ.സി.സി പുനഃസംഘടനയിൽ രമേശിന് നിർണ്ണായക പദവികൾ നൽകി തട്ടകം ഡൽഹിയിലേക്ക് മാറ്റാനുള്ള സാധ്യതകൾ ഉണ്ട്.

MediaOne Logo
സാമുദായിക സന്തുലനം, തലമുറമാറ്റം: പ്രതിപക്ഷനേതാവിന്‍റെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നു
X

ഈ മാസം 20 ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കാനാരിക്കെ പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഇനിയും തീരുമാനമെടുക്കാനായില്ല. പാര്‍ട്ടി പുനഃസംഘടന പോലെ തീരുമാനം അനന്തമായി നീട്ടിവെക്കാന്‍ കഴിയാത്തതിനാല്‍ പല തലങ്ങളില്‍ ചര്‍ച്ച തുടരുകയാണ്.

പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ടുള്ള അണികളുടെ മുറവിളിയും തലമുറമാറ്റമെന്ന ആവശ്യവും സാമുദായിക സന്തുലനവും എല്ലാം പാലിച്ച് വേണം ഒരാളെ തെരഞ്ഞെടുക്കാന്‍. പറവൂര്‍ എംഎല്‍എ വി.ഡി. സതീശനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

കഴിഞ്ഞ 17 വർഷമായി കേരളത്തിലെ കോൺഗ്രസിന്‍റെ അവസാന വാക്കുകളില്‍ ഒന്നായ രമേശ് ചെന്നിത്തലയെ ഒഴിവാക്കി വേണം വി.ഡി. സതീശന് പദവി നല്‍കാനെന്നതാണ് വലിയ വെല്ലുവിളി. പത്തു വർഷം കെ.പി.സി.സി. പ്രസിഡന്‍റ്, രണ്ടു വർഷം ആഭ്യന്തര മന്ത്രി, അഞ്ചു വർഷം പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ രമേശ് ചെന്നിത്തല പാർട്ടിയെ നയിച്ചു.

പ്രതിപക്ഷ നേതൃപദവി ഒഴിയുന്നതോടെ ഇനിയെന്ത് ? എന്ന ചോദ്യം അദ്ദേഹത്തെ ഏറെ അലട്ടുന്നുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടരുന്ന പക്ഷം സമാന ന്യായം പറഞ്ഞ് മുല്ലപ്പള്ളിയും പദവിക്കായി സമ്മര്‍ദമുണ്ടാക്കിയേക്കാം. രണ്ടു പേരുടെയും സമ്മര്‍ദം അതിജീവിച്ച് തലമുറമാറ്റം ഉണ്ടായില്ലെങ്കില്‍ 2026 ലും പ്രതീക്ഷയില്ലാത്ത വിധം യുഡിഎഫ് താഴോട്ടു പോകും.

ജൂണിൽ നടക്കുമെന്ന് കരുതുന്ന വിപുലമായ എ.ഐ.സി.സി പുനഃസംഘടനയിൽ രമേശിന് നിർണ്ണായക പദവികൾ നൽകി തട്ടകം ഡൽഹിയിലേക്ക് മാറ്റാനുള്ള സാധ്യതകൾ ഉണ്ട്. രമേശ് ചെന്നിത്തലയെ അവഗണിക്കരുത് എന്ന പൊതുധാരണ ഹൈക്കമാന്‍ഡിലുണ്ട്.

പ്രതിപക്ഷ നേതൃപദവിയിലേക്ക് വി.ഡി.സതീശനെ കൂടാതെ പരിഗണിക്കുന്നത് പി.ടി തോമസിനെയാണ്. പൊതു വിഷയങ്ങളിൽ കൃത്യമായ നിലപാടും, ഉറച്ച അഭിപ്രായങ്ങളും വഴി സ്വന്തമായ ഇടം നേടാൻ വി.ഡി. സതീശന് കഴിഞ്ഞിട്ടുണ്ട്. സൈദ്ധാന്തികവും രാഷ്ട്രീയവുമായി സിപിഎമ്മനെ നേരിടാനുള്ള സതീശന്‍റെ വൈഭവത്തില്‍ അണികള്‍ക്കും നേതാക്കള്‍ക്കും സംശയമില്ല. തന്നെ തോൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ വെളളാപ്പള്ളി നടേശനും, ശശികല ടീച്ചർക്കുമെതിരെ സതീശൻ നടത്തിയ പോരാട്ടം ശ്രദ്ധിക്കപ്പെട്ടതാണ്. ഹൈന്ദവ വിശ്വാസത്തിലും, ദർശനത്തിലും ഊന്നി സംഘ പരിവാരിനെ ആശയപരമായി പ്രതിരോധിക്കുന്ന സതീശന്‍റെ ശൈലിക്ക് പാര്‍ട്ടിയിലും ആരാധകരുണ്ട്. കടുത്ത ഗ്രൂപ്പ് നിലപാടുകളുമില്ല.

ആദർശ മുഖമായി അറിയപ്പെടുന്ന പി.ടി.തോമസ് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്‍റെ പേരിൽ ക്രൈസ്തവ സഭകളുടെ പൊതു ശത്രുവായി മാറിയിരുന്നു. ഇടുക്കി സീറ്റ് നിഷേധിച്ച കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിനെ മൗനമായി നേരിട്ട തോമസ് പിന്നീട് 2016ൽ തൃക്കാക്കരയിൽ നിന്നാണ് സഭയിലെത്തിയത്. കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ പരിസ്ഥിതി വിഷയത്തിൽ പി.ടിയുടെ നിലപാടിനെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് ഘടക കക്ഷി നേതാക്കളുടെ സാമുദായിക പശ്ചാത്തലം പരിഗണിച്ചാല്‍ പി ടി തോമസിന്‍റെ സാധ്യത കുറയും.

യു.ഡി.എഫ് ഉപനേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയും, ജേക്കബ് വിഭാഗം നേതാവായി അനൂപ് ജേക്കബും, തുടർന്ന് മാണി. സി. കാപ്പനടക്കമുള്ളവരും വരുമ്പോൾ കോൺഗ്രസ് പാർലിമെന്‍ററി പാർട്ടി നേതാവിനെ ഭൂരിപക്ഷ സമുദായത്തിൽ നിന്നും പരിഗണിക്കേണ്ടി വരും.

സാമുദായിക സന്തുലനം പാലിച്ചില്ലെങ്കില്‍ സിപിഎം തന്നെ യുഡിഎഫിനെ വര്‍ഗീയമായി ആക്രമിക്കുമെന്ന ഭീതിയും പാര്‍ട്ടിയിലുണ്ട്. വ്യക്തിപരമായി തിളങ്ങുന്നതിനോടൊപ്പം ടീമിനെ വിജയിപ്പിക്കാൻ കൂടി കഴിയുന്ന ഒരു ക്യാപ്റ്റനെ ലീഗും ആഗ്രഹിക്കുന്നു. യു.ഡി.എഫ് അണികളുടെ ആത്മവീര്യം തിരികെ പിടിക്കാനും അത് അത്യാവശ്യമാണ്.

ഭൂരിപക്ഷ സമുദായത്തിന്‍റെ പ്രതിനിധിയായി പറയപ്പെടുമ്പോഴും മുസ്ലിം, കൃസ്ത്യൻ സമുദായ നേതൃത്വവുമായി നല്ല ബന്ധം നിലനിർത്താൻ വി.ഡി. സതീശന് സാധിക്കുന്നുണ്ട്. സമസ്തയടക്കമുള്ള മുസ്ലിം സംഘടനകൾ അദ്ദേഹത്തിന് അനുകൂലമായ സന്ദേശങ്ങൾ നൽകിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഹൈക്കമാന്‍റിന്‍റെ നിലപാട് നിര്‍ണായകമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടിയിലുള്ള വികാരം മാനിച്ച് തന്നെയാകും തീരുമാനം.

TAGS :

Next Story