മാമാങ്കം 'കുംഭമേള'യാക്കൽ: സ്വാമി ആനന്ദവനത്തെ നീക്കി; തിരുനാവായയിൽ സംഘാടകർ തമ്മിൽ ചേരിപ്പോര്
തർക്കം കനത്തതോടെ, കാശ് കൊടുത്താൽ കിട്ടുന്നത് മാത്രമാണ് മഹാമണ്ഡലേശ്വർ പദവി എന്ന പരിഹാസവും സമൂഹമാധ്യമങ്ങളിൽ പരക്കുന്നുണ്ട്

മലപ്പുറം: ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ പേരിൽ ഭാരതപ്പുഴയുടെ തീരത്ത് സംഘടിപ്പിക്കുന്ന 'കുംഭമേള'യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകർക്കിടയിൽ ഭിന്നത. പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനത്തെ ചുമതലയിൽനിന്ന് ഒഴിവാക്കി. ഇരു കരക്കാരും (തിരുനാവായയും തവനൂരും) മാർഗ്ഗദർശക മണ്ഡലവും ചേർന്നാണ് ആനന്ദവനത്തെ മാറ്റാൻ തീരുമാനിച്ചത്. പകരം സ്വാമി ചിദാനന്ദപുരിക്ക് മുഖ്യ ചുമതല നൽകിയതായാണ് വിവരം.
2015-16 കാലഘട്ടത്തിൽ സംഘപരിവാർ അനുകൂല ചരിത്രകാരനായ തിരൂർ ദിനേശന്റെയും സുധീർ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് ആചാരാനുഷ്ഠാനങ്ങളോടെ മാമാങ്കം പുനരുജ്ജീവിപ്പിച്ചത്. ഇതിനിടയിലേക്ക് കടന്നുവന്ന സ്വാമി ആനന്ദവനം, വടക്കേ ഇന്ത്യൻ മാതൃകയിൽ വാരണാസിയിലേതിന് സമാനമായി 'കുംഭമേള' എന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു. 2025-ൽ തിരുനാവായയിൽ നടന്ന ഈ കുംഭമേള വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ ആനന്ദവനത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും ഫണ്ട് ശേഖരണ ശ്രമങ്ങളുമാണ് ഇപ്പോഴത്തെ പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബർ 12, 13 തീയതികളിൽ സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ തിരുനാവായയിൽ അഷ്ടമംഗല പ്രശ്നം നടന്നിരുന്നു. ഈ ചടങ്ങുകളിൽ ആനന്ദവനത്തെയോ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ' ജൂന അഖാഡ'യെയോ പങ്കെടുപ്പിച്ചിരുന്നില്ല. ഇത് സംഘാടകർക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവരാൻ കാരണമായി.
അതേസമയം, ആനന്ദവനത്തെ മാറ്റിയതിനെതിരെ അദ്ദേഹത്തെ അനുകൂലിക്കുന്ന സന്യാസി സമൂഹവും മലബാറിലെ ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വങ്ങളിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ആനന്ദവനത്തെ മുൻനിർത്തി തിരുനാവായയിൽ കുംഭമേള തുടരണമെന്നാണ് ഇവരുടെ നിലപാട്. നിലവിൽ തൃശൂർ കേന്ദ്രീകരിച്ച് 'കുംഭ് സഞ്ചാലൻ സമിതി'ക്ക് രൂപം നൽകിയ ആനന്ദവനം, ജുന അഖാഡ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുംഭമേള നടത്തുമെന്ന നിലപാടിലാണ്.
മാമാങ്കം നടത്തുന്ന ദിവസങ്ങളുടെ എണ്ണത്തിലും ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. 2027 ജനുവരി 15 മുതൽ മാർച്ച് ആറ് വരെ 51 ദിവസം കുംഭമേള നടത്തുമെന്ന് ആനന്ദവനം വിഭാഗം പ്രഖ്യാപിച്ചപ്പോൾ, മാമാങ്കം 26 ദിവസം മാത്രമേ ഉണ്ടാകൂ എന്നും ചരിത്രരേഖകൾ മുൻനിർത്തി തിരൂർ ദിനേശൻ വ്യക്തമാക്കി. അഷ്ടമംഗല പ്രശ്നത്തിലെ വിധിയും അതാണെന്നാണ് അവരുടെ വാദം. മാർഗ്ഗദർശക മണ്ഡലത്തിലെ അംഗമെന്ന നിലയിൽ ആനന്ദവനത്തിന് പങ്കെടുക്കാമെന്നല്ലാതെ മറ്റ് ചുമതലകൾ ഒന്നുമില്ലെന്ന് പ്രാദേശിക സംഘാടകരും വ്യക്തമാക്കിയതോടെ തിരുനാവായ കേന്ദ്രീകരിച്ചുള്ള തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
തർക്കം കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള ശ്രമത്തിലാണ് ആർ. എസ്. എസ് നേതൃത്വം. ഇരുപക്ഷത്തെയും തള്ളാനും കൊള്ളാനും പറ്റാത്ത ആശയക്കുഴപ്പം ആർ. എസ്. എസ് നേതൃത്വത്തിനുണ്ട്. പരമാവധി സമവായമുണ്ടാക്കി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണവർ.
'കാശ് കൊടുത്താൽ മഹാമണ്ഡലേശ്വർ'
ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി മലയാളിയായ സ്വാമി ആനന്ദവനം ഭാരതി നിശ്ചയിക്കപ്പെട്ടത് 2026 ജനുവരി 26 നാണ്. തൃശൂർ ചാലക്കുടി സ്വദേശിയാണ് മുൻ എസ്. എഫ്. ഐ നേതാവും പത്രപ്രവർത്തകനുമായിരുന്ന സലിൽ എന്ന സ്വാമി ആനന്ദവനം ഭാരതി. ഇദ്ദേഹം മഹാമണ്ഡലേശ്വർ ആയ ശേഷം വലിയ തോതിലുള്ള പ്രചാരണം ഇദ്ദേഹത്തെ മുൻനിർത്തി കേരളത്തിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങളും സംഘപരിവാർ അനുകൂല മാധ്യമങ്ങളും നടത്തിയിരുന്നു. തിരുനാവായയിലെ 'കുംഭമേള'യോടെ ഇദ്ദേഹം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പുതിയ തർക്കത്തോടെ അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്കും മങ്ങലേറ്റിരിക്കുകയാണ്. ധന സമാഹാരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
അതിനിടെ, കാശ് കൊടുത്താൽ ആർക്കും കിട്ടാവുന്ന പദവി മാത്രമാണ് മഹാമണ്ഡലേശ്വർ എന്ന നിലക്കുള്ള പരിഹാസങ്ങളും പലരും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നുണ്ട്. 2026 ആഗസ്തിൽ ദൈനിക് ഭാസ്കർ നടത്തിയ ഒരു സ്റ്റിംഗ് ഓപറേഷനുമായി ബന്ധപ്പെട്ട വാർത്തകൾ ഇവർ ഷെയർ ചെയ്യുന്നുണ്ട്. 20 ലക്ഷം രൂപ തന്നാൽ മഹാമണ്ഡലേശ്വർ പദവി തരാമെന്ന് ജൂന, നിർമോഹി, നിർവാനി അഖാഡകളുടെ ഉത്തരവാദപ്പെട്ടവർ വാഗ്ദാനം ചെയ്യുന്നതാണ് പ്രസ്തുത സ്റ്റിംഗ് ഓപറേഷൻ. സ്വാമി ആനന്ദവനം ഭാരതിക്കെതിരായ പരിഹാസത്തിൻ്റെ ഭാഗമായി ഈ വാർത്താ ലിങ്കുകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തെ എതിർക്കുന്ന വിഭാഗം.
Adjust Story Font
16

