Quantcast

'ഐസിഎഫ്' യുഗം അവസാനിക്കുന്നു, കോഴിക്കോട് ജനശതാബ്ദിയും ഇനി എൽഎച്ച്ബി കരുത്തിൽ; യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും സൗകര്യവും

രാജ്യത്ത് പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി സർവീസ് നടത്തുന്ന അവസാന ജനശതാബ്ദി എക്‌സ്പ്രസാണിത്

MediaOne Logo

Web Desk

  • Published:

    27 March 2026 9:11 PM IST

ഐസിഎഫ് യുഗം അവസാനിക്കുന്നു, കോഴിക്കോട് ജനശതാബ്ദിയും ഇനി എൽഎച്ച്ബി കരുത്തിൽ; യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും സൗകര്യവും
X

കോഴിക്കോട്: കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സർവീസുകളിലൊന്നായ തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ആധുനികവൽക്കരിക്കപ്പെടുന്നു. പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന പഴയ ഐസിഎഫ് (ICF) കോച്ചുകളോട് വിടപറഞ്ഞ്, അത്യാധുനികമായ എൽഎച്ച്ബി (LHB) റാക്കുകളുമായി മെയ് 28 മുതൽ ട്രെയിൻ ഓടിത്തുടങ്ങും. രാജ്യത്ത് പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി സർവീസ് നടത്തുന്ന അവസാന ജനശതാബ്ദി എക്‌സ്പ്രസാണിത്. എൽഎച്ച്ബി റാക്കുകള്‍ വരുന്നതോടെ ട്രെയിൻ യാത്രയിൽ പുതിയൊരു അധ്യായം കുറിക്കുകയാണ് റെയിൽവേ.

മെയ് 28-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ സര്‍വീസ് മുതലാണ് പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിക്കുന്നത്. പുതിയ റാക്കിലും ആകെ 22 കോച്ചുകൾ തന്നെയാണുണ്ടാവുക. ഇതില്‍ മൂന്ന് എസിചെയർകാർ, 17 സെക്കൻഡ് സിറ്റിംഗ്, രണ്ട് എസ്എൽആറുമാണ് ഉണ്ടാകുക. ഓരോ എസി ചെയര്‍കാറിലും 78 സീറ്റുകള്‍ വീതം ആകെ 234 സീറ്റുകളാണുണ്ടാകുക. ഓരോ സെക്കൻഡ് സിറ്റിംഗ് കോച്ചുകളിലും 108 സീറ്റുകൾ വീതം ആകെ 1836 സീറ്റുകളും ഉണ്ടാകും.30 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ളതാണ് എസ്‌എൽആർ കോച്ചുകള്‍.

പുതിയ എൽഎച്ച്ബി കോച്ചുകൾ എത്തുന്നതോടെ യാത്രക്കാരുടെ സുരക്ഷയിൽ വലിയൊരു മുന്നേറ്റമാണ് ഉണ്ടാകുന്നത്. ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ കോച്ചുകളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ 'ആന്റി ടെലിസ്കോപ്പിക്' ആണ്. അതായത്, ഒരു അപകടമുണ്ടായാൽ പോലും കോച്ചുകൾ ഒന്നിനുമുകളിൽ ഒന്നായി ഇടിച്ചു കയറില്ല, ഇത് അപകടത്തിന്റെ ആഘാതവും ജീവഹാനിയും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോഴും പാളം തെറ്റാനുള്ള സാധ്യത കുറവാണെന്നതും മികച്ച ബ്രേക്കിംഗ് സംവിധാനവും യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ഈ കോച്ചുകൾക്ക് പഴയ ഐസിഎഫ്കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ കരുത്തും ആധുനിക സുരക്ഷാ മാനദണ്ഡങ്ങളുമുണ്ട്.

അതേസമയം, മുമ്പ് കണ്ണൂർ ജനശതാബ്ദി എൽഎച്ച്ബിയിലേക്ക് മാറ്റിയപ്പോൾ മെമു ട്രെയിനുകൾക്ക് സമാനമായ സീറ്റുകൾ നൽകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനാൽ, കോഴിക്കോട് ജനശതാബ്ദിയിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ രീതിയിലുള്ളവ തന്നെയാണോ എന്ന് കോച്ചുകൾ എത്തിയതിനുശേഷമേ വ്യക്തമാകൂ. നിലവിൽ കണ്ണൂർ ജനശതാബ്ദിയിൽ വേണാട് എക്‌സ്പ്രസിന്റെ പഴയ കോച്ചുകൾ കൂടി ഉൾപ്പെടുത്തിയാണ് സർവീസ് നടത്തുന്നത്.

TAGS :

Next Story