കുന്ദമംഗലത്ത് വീട്ടില്‍ പൊട്ടിത്തെറിച്ചത് അനധികൃതമായി സൂക്ഷിച്ച പടക്കം; ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയില്‍
കുരിക്കത്തൂർ സ്വദേശികളായ രാഹുൽ എന്ന് പേരുള്ള രണ്ടുപേരാണ് മരിച്ചത്

കോഴിക്കോട്: കുന്ദമംഗലത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. പെരിങ്ങൊളത്താണ് അനധികൃതമായി പടക്കം സൂക്ഷിച്ച വീട്ടിൽ പൊട്ടിത്തെറി നടന്നത്. കുരിക്കത്തൂർ സ്വദേശികളായ രാഹുൽ എന്നു പേരുള്ള രണ്ട് പേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. വലിയ സ്ഫോടനം കേട്ടാണ് നാട്ടുകാർ അപകട വിവരം അറിയുന്നത്. മാസങ്ങൾ മുൻപ് കുരിക്കത്തൂർ സ്വദേശികളായ ചിലർ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു പൊട്ടിത്തെറി നടന്നത്. ഒരു കുട്ടി ഉൾപ്പെടെ അഞ്ചു പേർ വീട്ടിൽ താമസിച്ചിരുന്നു . മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി വലിയതോതിൽ വീട്ടിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് മുണ്ടിക്കൽതാഴം സ്വദേശി വിഷ്ണു, ഭാര്യ സിമി എന്നിവർ ചേർന്നാണ് വീട് വാടകക്ക് എടുത്തത്. വിഷ്ണുവിൻ്റെ സഹോദരൻ രാഹുൽ , സുഹൃത്തായ മറ്റൊരു രാഹുൽ എന്നിവരും വീട്ടിലുണ്ടായിരുന്നു. ഇവർ രണ്ട് പേരുമാണ് മരിച്ചത്. ഉത്തരമേഖല ഐജി രാജ് പാൽ മീണ, സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉൾപ്പെടെ സ്ഥലത്ത് എത്തി. വിശദമായ അന്വേഷണത്തിനു ശേഷമേ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.
പടക്ക നിർമ്മാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല . ഗുരുതര പരിക്കേറ്റ മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Adjust Story Font
16

