യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബിന്‍റെ തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടുന്നതിനിടെ കടന്നൽ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
ബൂത്ത് കെട്ടുന്നതിനിടെ തോരണം കെട്ടി വലിച്ചപ്പോഴാണ് കടന്നൽക്കൂട്ടം ഇളകിയതെന്ന് പ്രദേശവാസികൾ പറഞ്ഞു

എറണാകുളം: പിറവത്തെ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബിന്‍റെ തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണം. തയ്യാറെടുപ്പുകൾക്കായി എത്തിച്ചേർന്ന അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. വോട്ടെടുപ്പ് നടക്കുന്ന ചോരക്കുഴ ഓർത്തഡോക്സ് പള്ളിക്ക് സമീപമുള്ള തെരഞ്ഞെടുപ്പ് ബൂത്ത് കെട്ടുകയായിരുന്നു പ്രവർത്തകർ. ഇതിനിടെയാണ് കടന്നലാക്രമണമുണ്ടായത്. ശരീരമാസകലം കുത്തേറ്റ പുറ്റാനിമല ജോഷി(57) എന്നയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ ചോരക്കുഴി പുറ്റാനിമല അജീഷ്(37),പാലയ്ക്ക തടത്തിൽ സൂരജ് (45) , പുറ്റാനി മലയിൽ ജോസ് , കണ്ടെത്തിൽ പുത്തൻപുരയിൽ ജോമോൻ (47) എന്നിവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൂത്ത് കെട്ടുന്നതിനിടെ തോരണം കെട്ടി വലിച്ചപ്പോഴാണ് കടന്നൽക്കൂട്ടം ഇളകിയതെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലും ദേവമാത ആശുപത്രിയിലും പ്രവേശിപ്പിച്ച നാല് പേരെയും പ്രാഥമിക ചികിത്സയ്ക്കുശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ അനൂപ് ജേക്കബ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
Adjust Story Font
16

