Quantcast

'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം'; ഉപാധി വച്ച് തൃണമൂല്‍ കോൺഗ്രസ്

എല്ലാ കാലത്തും നിരുപാധികമായി യുഡിഎഫിനെ പിന്തുണയ്ക്കാൻ ആകില്ലെന്നും തൃണമൂൽ നേതാവ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-04-21 06:50:51.0

Published:

21 April 2025 12:18 PM IST

UDF entry required before Nilambur by-election Trinamool Congress sets condition
X

മലപ്പുറം: സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫിന് മുന്നിൽ ഉപാധികൾ വച്ച് തൃണമൂൽ കോൺ​ഗ്രസ്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്നും എല്ലാ കാലത്തും നിരുപാധികമായി യുഡിഎഫിനെ പിന്തുണയ്ക്കാൻ ആകില്ലെന്നും തൃണമൂൽ നേതാവ് ഇ.എ സുകു മീഡിയവണിനോട് പറഞ്ഞു. അതേസമയം തൃണമൂല്‍ കോൺ​ഗ്രസ് ആയതിനാല്‍ ഹൈക്കമാന്‍ഡ് നിലപാട് പരിഗണിച്ചാകും കോൺ​ഗ്രസിന്റെ നീക്കങ്ങള്‍.

കഴിഞ്ഞ ഒരു മാസമായി യുഡിഎഫ് നേതാക്കളോട് സംസാരിക്കുകയും ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സുകു പറഞ്ഞു. കഴിഞ്ഞ കാലഘട്ടങ്ങളിലേതു പോലെ എല്ലാക്കാലവും ഏകപക്ഷീയ പിന്തുണ യുഡിഎഫിന് കൊടുക്കനാവില്ല. മുന്നണിയുടെ ഭാഗമാവുമ്പോഴാണ് തങ്ങളെടുക്കുന്ന നിലപാടിനൊരു സാധൂകരണം കിട്ടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

'ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെയും പി.വി അൻവറിന്റേയും പൂർണ പിന്തുണ ലഭിക്കാൻ യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷിയായി ഉൾപ്പെടുത്തണം എന്നാണ് ആവശ്യം. അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഉപതെരഞ്ഞെടുപ്പ് അടുത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതുസംബന്ധിച്ച ആലോചന യുഡിഎഫ് ഉന്നതതല നേതൃത്വം നടത്തണമെന്നാണ് ആവശ്യം'- സുകു കൂട്ടിച്ചേർത്തു.

പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തൃണമൂൽ കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചത്. എന്നാൽ അൻവറിന്റെ യുഡിഎഫ് പ്രവേശനം ബുധനാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. അൻവർ യുഡിഎഫ് പ്രവേശന ആവശ്യം ശക്തമാക്കിയതോടെയാണ് ഇക്കാര്യം യോ​ഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് യുഡിഎഫിൽ ചർച്ചകൾ പുരോ​ഗമിക്കവെയാണ് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങളും മുന്നണിയെ ബാധിച്ചിരിക്കുന്നത്.

പല ഘടകങ്ങളും പരിശോധിച്ച ശേഷമാകും അൻവറിന്റെ കാര്യത്തിൽ കോൺ​ഗ്രസ് അന്തിമ തീരുമാനത്തിലേക്ക് കടക്കുക. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ അഭിപ്രായവും തേടും. അൻവറിനെ മുന്നണിക്കൊപ്പം സഹകരിപ്പിക്കാമെന്നും എന്നാൽ തൃണമൂൽ കോൺഗ്രസിനെ ഒന്നാകെ യുഡിഎഫിനൊപ്പം ചേർക്കേണ്ടതില്ലെന്ന വിലയിരുത്തലും കോൺഗ്രസിലുണ്ട്. എല്ലാ വശവും പരിഗണിച്ച ശേഷമായിരിക്കും അന്തിമതീരുമാനം. നിലമ്പൂരിൽ അൻവറിന്റെ സാന്നിധ്യം യുഡിഎഫിന് ഗുണമാവുമെന്നും രാഷ്ട്രീയത്തിനപ്പുറം മണ്ഡലത്തിൽ ജനസ്വാധീനുമുണ്ടെന്നുമുള്ള വിലയിരുത്തലും നേതാക്കൾക്കിടയിലുണ്ട്.



TAGS :

Next Story