താനൂരിനെ കുറിച്ചുള്ള വി.അബ്ദുറഹിമാന്റെ 'പാകിസ്താന്‍ പരാമര്‍ശം'; പരാതി നല്‍കി യുഡിഎഫ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷായെ കൊണ്ടുവന്ന വേദിയിലായിരുന്നു അബ്ദുറഹിമാന്‍റെ വിവാദപരാമർശം

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ 'പാകിസ്താന്‍ പരാമര്‍ശത്തില്‍' വെട്ടിലായി മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ പാകിസ്താന്‍ ആണെന്നായിരുന്നു അബ്ദുറഹിമാന്റെ പ്രസ്താവന. അബ്ദുറഹിമാനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്‍കി. തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ, മുന്‍പ് രണ്ടുതവണ പാകിസ്താനില്‍ പോയി താന്‍ മത്സരിച്ചെന്നും അവിടെ വിജയിച്ചെന്നുമുള്ള പ്രസ്താവന ഏറെ രാഷ്ട്രീയവിവാദമായിരുന്നു.
'താനൂരില്‍ രണ്ട് മാച്ചുകള്‍ നമ്മള്‍ കളിച്ചു. അത് പാകിസ്താനിലായിരുന്നു. രണ്ടിലും അവരെ തോല്‍പ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടില്‍'. ഇതായിരുന്നു അബ്ദുറഹിമാന്റെ പരാമര്‍ശം. അബ്ദുറഹിമാന്‍ താനൂരിനെയും ജനങ്ങളെയും അവഹേളിച്ചെന്നും ബിജെപി നേതാക്കളുടേതിന് സമാനമാണ് പ്രസ്താവനയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന്‍ വിമർശിച്ചു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി അബ്ദുറഹിമാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പാകിസ്താന്‍ പരാമര്‍ശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ന്യായീകരണം.
മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് താനൂര്‍ മണ്ഡലം കമ്മിറ്റിയും യൂത്ത് ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നല്‍കി. പ്രസ്താവന ദേശവിരുദ്ധവും വംശീയമായി അധിക്ഷേപിക്കുന്നതുമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകന്‍ ഹനാന്‍ഷായെ കൊണ്ടുവന്ന വേദിയിലായിരുന്നു അബ്ദുറഹിമാന്റെ വിവാദ പരാമര്‍ശം.
Adjust Story Font
16

