തൃക്കരിപ്പൂരിലും ഉദുമയിലും അട്ടിമറി ജയമുണ്ടാകും; കാസർകോട് ജില്ലയിലെ എൽഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാവുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്
ഉദുമയില്‍ 4000 മുതല്‍ 7000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍

കാസർകോട്: കാസർകോട് ജില്ലയിലെ എൽഡിഎഫ് കോട്ടകളിൽ ഇത്തവണ വിള്ളലുണ്ടാവുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. തൃക്കരിപ്പൂരിലും ഉദുമയിലും അട്ടിമറി ജയമുണ്ടാകുമെന്നും കണക്ക് കൂട്ടൽ. ജില്ലയിൽ എൽഡിഎഫിന് ലഭിക്കുക കാഞ്ഞങ്ങാട് മണ്ഡലം മാത്രമാവുമെന്നുമാണ് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ വിലയിരുത്തൽ.
ഉദുമയില്‍ 4000 മുതല്‍ 7000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. മുളിയാർ, ദേലംപാടി, പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് പ്രതീക്ഷിക്കുന്നു. കുറ്റിക്കോൽ, ബേഡകം, പുല്ലൂർ പെരിയ പഞ്ചായത്തുകളിൽ മാത്രമാവും എൽഡിഎഫിൻ്റെ ലീഡ്.
തൃക്കരിപ്പൂരില്‍ 3000 മുതല്‍ 6000 വരെ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ്, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ് പ്രതീക്ഷിക്കുന്നത്. കയ്യൂർ ചീമേനി, പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് നേടും. നീലേശ്വരം നഗരസഭയിൽ ഒപ്പത്തിനൊപ്പമാവുമെന്നാണ് യുഡിഎഫിൻ്റെ കണക്ക്. രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം എൽഡിഎഫിനെ പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങൾ പോലും ഇത്തവണ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തിയതായാണ് യുഡിഎഫിൻ്റെ പ്രതീക്ഷ.
Adjust Story Font
16

