കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അസാധു വോട്ട് ചെയ്യാന്‍ യുഡിഎഫില്‍ ആലോചന
യുഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയ സാഹചര്യത്തിലാണ് ഈ നീക്കം

കൊച്ചി: എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അസാധു വോട്ട് ചെയ്യാന്‍ യുഡിഎഫില്‍ ആലോചന. യുഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയ സാഹചര്യത്തിലാണ് ഈ നീക്കം.
എറണാകുളം കോർപറേഷനില്‍ യുഡിഎഫ് വിതമരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം ഇതുവരെ ഫലം കണ്ടില്ല. വിമതർക്ക് പിൻവാങ്ങാൻ രണ്ടു ദിവസം കൂടി ഡിസിസി സമയം അനുവദിച്ചിട്ടുണ്ട്.
കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന എല്‍സി ജോർജ് പത്രിക തള്ളിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പിന് ശേഷം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ മാത്രമേ ഇനി അവസരമുള്ളൂ.
കടമക്കുടിയില്‍ എൽഡിഎഫ് , ബിജെപി സ്ഥാനാർഥികള്‍ മാത്രമായ സാഹചര്യത്തില്‍ യുഡിഎഫ് വോട്ടർമാരോട് അസാധുവോട്ടിന് ആഹ്വാനം ചെയ്യാനാണ് ഡിസിസിയുടെ നീക്കം. രണ്ടു തവണ ജില്ലാ പഞ്ചായത്തംഗമായിരുന്ന എല്‍സി ജോർജ് പത്രികയുടെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിച്ചതെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാർട്ടി നേതാക്കളോട് ആശയവിനിമയം നടത്താതെ സ്വന്തം ഇഷ്ടപ്രകാരം എല്‍സി പത്രിക തയ്യാറാക്കിയതാണ് പ്രശ്നമായതെന്നും നേതാക്കള്‍ പറയുന്നു. കൊച്ചി കോർപറേഷനില്‍ യുഡിഎഫിന് പതിമൂന്ന് വിമതരുണ്ടെങ്കിലും നാല് വിമതരെയാണ് കോണ്‍ഗ്രസ് ഗൗരവമായി കാണുന്നത്.
ഇവരെ പിന്‍മാറ്റാനുള്ള ശ്രമം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ തുടരുകയാണ്. വിമതർക്ക് രണ്ടു ദിവസം കൂടി സാവകാശം നല്‍കിയ ശേഷം നടപടിയെടുത്താല്‍ മതിയെന്നാണ് ഡിസിസിയുടെ തീരുമാനം. സ്ഥാനാർഥി നിർണയത്തില്‍ നേതാക്കള്‍ക്ക് പിഴച്ചത് കൊണ്ടാണ് ഇത്രയും വിമതർ ഉണ്ടായതെന്ന ചർച്ചയും കോണ്‍ഗ്രസിലുണ്ട്.
Adjust Story Font
16

