ജനം വീർപ്പുമുട്ടലിൽ, ഇതുപോലൊരു ഭരണവിരുദ്ധ വികാരം മുമ്പ് കണ്ടിട്ടില്ലെന്ന് കെ.സി വേണുഗോപാൽ; യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് തുടക്കം
മുന്നണിയെ ഭരണത്തിലേറ്റുകയാണ് ലക്ഷ്യമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കാസർകോട്ട് തുടക്കം. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കഴിഞ്ഞ 10 കൊല്ലമായി ജനം വീർപ്പുമുട്ടലിലാണെന്നും ഇത്രയും വലിയൊരു സർക്കാർവിരുദ്ധ വികാരം മുമ്പുണ്ടായിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഇത് യുഡിഎഫിന്റെ കഴിവുകൊണ്ട് മാത്രമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനഫലമായാണെന്നും കേരളത്തിലെ ജനങ്ങളെല്ലാം പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ നിലനിർത്താൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെൻഷൻ യുഡിഎഫ് നിർത്തുമെന്നത് തെറ്റായ പ്രചാരമാണെന്നും അദ്ദേഹം പറഞ്ഞു.
നടക്കാത്ത കാര്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. ശബരിമലയിലെ സ്വർണ കട്ടുകൊണ്ടുപോകുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അമ്പലക്കള്ളന്മാരെ പിടിച്ച് അകത്തിടുക എന്നതാണ് യുഡിഎഫിന്റെ ആദ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിഫൈനൽ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് ജാഥയെ സ്വീകരിക്കാൻ അതിഥി തൊഴിലാളികൾ മാത്രമാണുള്ളത്. ശബരിമല സ്വർണക്കൊള്ള എൽഡിഎഫ് ഒതുക്കിതീർക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷികളുടേയും നേതാക്കളും ജാഥയിൽ വി.ഡി സതീശനൊപ്പമുണ്ട്.
Adjust Story Font
16

