ഏറ്റുമാനൂര്‍ അടക്കം 10 ഇടങ്ങളില്‍ സിപിഎം-ബിജെപി ഡീലെന്ന് യുഡിഎഫ്; രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമെന്ന് മുഖ്യമന്ത്രി
സിപിഎമ്മിന്റെ ക്യാപ്റ്റനായ പിണറായി ഇപ്പോള്‍ ബിജെപിയുടെ ക്യാപ്റ്റനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു

തിരുവനന്തപുരം: സിപിഎം-ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി യുഡിഎഫ്. പത്തിടത്ത് ഡീല്‍ നടന്നെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. സിപിഎമ്മിന്റെ ക്യാപ്റ്റനായ പിണറായി ഇപ്പോള്‍ ബിജെപിയുടെ ക്യാപ്റ്റനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ആരോപണം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമായി മാറിയെന്നും പറഞ്ഞു. കെ.സി വേണുഗോപാല്‍ രണ്ട് എംപിമാരെ ബിജെപിയിലേക്ക് സംഭാവന ചെയ്തുവെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ മറുപടി.
പത്ത് സീറ്റുകളിലാണ് സിപിഎം-ബിജെപി ഡീലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. 'പാലക്കാട്ട് സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്ക് സീറ്റ് നല്‍കാന്‍ നോക്കുന്നു. പാര്‍ട്ടി ദുര്‍ബലരായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സ്ഥലത്തെല്ലാം അതുതന്നെയാണ്. ബിജെപിയുമായി അവിഹിതം ഉണ്ടാക്കിയത് സിപിഎം ആണ്. ട്വന്റി-20 ദുര്‍ബലരായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്.ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. കാരണം, കേരളം ഈ തെരഞ്ഞെടുപ്പില്‍ രണ്ട് കാര്യങ്ങളാണ് തെളിയിക്കാന്‍ പോകുന്നത്. ഇന്നലെ പാലക്കാട്ടെ ഡീല്‍ മാത്രമല്ലേ പറഞ്ഞുള്ളൂ. ഇപ്പോ കാസര്‍കോടും മഞ്ചേശ്വരം, റാന്നി, കോന്നി, ഏറ്റുമാനൂര്‍ എല്ലാം പറഞ്ഞില്ലേ. ബാക്കി കാര്യങ്ങള്‍ അധികം വൈകാതെ പറയും'. മുഖ്യമന്ത്രി ഇരട്ടച്ചങ്കന്‍ അല്ലെന്നും 90 ഡിഗ്രി വളഞ്ഞ് നില്‍ക്കുന്ന മുഖ്യമന്ത്രിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
സിപിഎം ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. 'സിപിഎമ്മിന്റെ ക്യാപ്റ്റനായി പലരും മുഖ്യമന്ത്രിയെ പറയുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം ബിജെപിയുടെ ക്യാപ്റ്റനാണോയെന്ന് സംശയിക്കേണ്ടിവരികയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമാണെന്ന മുഖ്യമന്ത്രിയുടെ തമാശ കേരളം കേട്ട് ചിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിചാരം'. കെ.സി പരിഹസിച്ചു. കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള പൊളിറ്റിക്കല്‍ ഡീല്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
അതേസമയം, യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സിപിഎം നേതൃത്വം തള്ളി. കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടെയും അവസ്ഥയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബിജെപിയുടെ ബി ടീമായി അവര്‍ മാറിയെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
Adjust Story Font
16

