വർഗീയ അധിക്ഷേപങ്ങൾക്കും ഭരണകൂട ഇടപെടലുകൾക്കുമുള്ള മലപ്പുറം ജില്ലയുടെ മധുരപ്രതികാരമാണ് നിലമ്പൂരിലെ യുഡിഎഫ് വിജയം: ഫ്രറ്റേണിറ്റി മലപ്പുറം
കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ പരിഹസിക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് വിടിഎസ് ഉമർ തങ്ങൾ

നിലമ്പൂർ: പിണറായി വിജയന്റെ ഹിന്ദുത്വമാർക്‌സിസവും, ആഭ്യന്തര വകുപ്പും ചേർന്ന് മലപ്പുറം ജില്ലക്കെതിരെ നടത്തിയ വംശീയവും, വർഗീയവുമായ അധിക്ഷേപങ്ങൾക്കും ഭരണകൂട ഇടപെടലുകൾക്കുമുള്ള മലപ്പുറം ജില്ലയുടെ മധുരപ്രതികാരമാണ് നിലമ്പൂരിലെ യുഡിഎഫ് വിജയമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് വിടിഎസ് ഉമർ തങ്ങൾ.
സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചും, ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ചും, സൈബർ ലോകത്തിരുന്ന് സ്വപ്നം കാണുന്ന ഇടതുപക്ഷ അനുകൂലികളായ സ്വയംപ്രഖ്യാപിത സാംസ്കാരിക പ്രവർത്തകരെ കൊണ്ട് കടുത്ത ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചും ഇടതുപക്ഷം കാണിച്ച രാഷ്ട്രീയ നെറികേടിന് കടുത്ത പ്രഹരമാണ് മണ്ഡലത്തിലെ ജനങ്ങൾ നൽകിയിരിക്കുന്നതെന്നും ഉമർ തങ്ങൾ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ പരിഹസിക്കുന്ന ഏർപ്പാട് ഇനിയെങ്കിലും ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ലാതെ തെരുവിൽ നിൽക്കേണ്ടിവരുന്ന പതിനായിരകണക്കിന് വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും പ്രതിഷേധം ഈ ജനവിധിയിലുണ്ടെന്നും ഉമർ തങ്ങൾ പറഞ്ഞു.
ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഉയർന്നുവരുന്ന ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കിയും,വർഗീയതയുടെ ചാപ്പ കുത്തിയും ഈ നാടിനോട് ഇടതുപക്ഷവും, സർക്കാറും കാണിച്ച നീതികേടിനുള്ള തിരിച്ചടികൂടിയാണിതെന്ന് ഉമർ തങ്ങൾ കൂട്ടിച്ചേർത്തു. 'ഇടതുപക്ഷ എംഎൽഎ രാജിവെക്കാനുണ്ടായ സാഹചര്യത്തെയും, പൊലീസിലെ സംഘവത്കരണവും ജില്ലയെ ക്രിമിനൽവത്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമവുമുൾപ്പടെ ഗൗരവപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വെൽഫെയർ പാർട്ടിയെ പൈശാചിക വൽക്കരിക്കാൻ ഓവർ ടൈം പണിയെടുത്ത ചില ചാനൽ പ്രവർത്തകരുടെയും, സംഘപരിവാർ പ്രവർത്തകരുടെയും, സഖാക്കളുടെയും ശ്രമത്തെകൂടിയാണ് നിലമ്പൂരിലെ നല്ലവരായ വോട്ടർമാർ ചെറുത്തു തോൽപ്പിച്ചത്.' ഉമർ തങ്ങൾ പറഞ്ഞു.
Adjust Story Font
16

