വാടകക്ക് എടുത്ത ഓട്ടോ അജ്ഞാതർ തീവെച്ചു, ഉടമക്ക് പണം നല്‍കണം; എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലായി യുവാവ്
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും പരാതിയുണ്ട്

കൊല്ലം: മാടൻനടയിൽ വീടിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അജ്ഞാതർ തീവെച്ചു നശിപ്പിച്ചതോടെ ബുദ്ധിമുട്ടിലായി യുവാവ്. വാടകക്ക് എടുത്ത ഓട്ടോ കത്തി നശിച്ചതോടെ ഉടമയ്ക്ക് പണം നൽകേണ്ട അവസ്ഥയിൽ ദീപക്ക്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും പരാതിയുണ്ട്.
ഫെബ്രുവരി 28ന് പുലർച്ചെയാണ് വടക്കേവിള മാടൻനട ശ്രീനഗറിൽ ദീപക്കും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കത്തിച്ചത്. ജനൽപാളികൾ പൊട്ടുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് തീ പിടിക്കുന്നത് കണ്ടത്. ആഴ്ചകൾക്ക് മുൻപ് ചിലരുമായി തർക്കം ഉണ്ടായിയിരുന്നതായി ദീപക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. അല്ലാതെ മറ്റ് ശത്രുക്കൾ ഇല്ലെന്ന് പരാതിക്കാരൻ.
വരുമാനമാര്‍ഗം ഇല്ലാതായതോടെ കുടുംബം ആകെ ബുദ്ധിമുട്ടിലായി. ഉടമയ്ക്ക് വാഹനം ശരിയാക്കി നൽകണം, വീട്ടിലുണ്ടായ കേടുപാടുകൾ നന്നാക്കണം. എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് യുവാവ്. ഇരവിപുരം പൊലീസും ഫോറൻസിക്-സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.
Adjust Story Font
16

