ചട്ടവിരുദ്ധ നടപടി; തിരു. ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ കുരുക്കിൽ
തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുപ്രിം കോടതിയുടെയും മാർഗനിർദേശങ്ങൾ ലംഘിച്ച് ആർ. ശ്രീലേഖ പ്രീപോൾ സർവ്വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു

തിരുവനന്തപുരം: ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. പ്രീപോൾ സർവ്വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവ്വേ ഫലമാണ് പങ്കുവെച്ചത്. കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ.
പ്രീ പോൾ സർവ്വേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമാകുന്നത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും ശ്രീലേഖ രംഗത്ത് വന്നിരുന്നു. നിലവിൽ ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്. കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.
Adjust Story Font
16

