ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക ശിൽപ കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം
കട്ടിളപാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല

Photo|Special Arrangement
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.
ഒൻപത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മൂന്ന് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, കേരളം വിട്ടുപോകരുത്, അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഇടപെടരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ഉപാധികൾ. കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിലേക്ക് വഴിവെച്ചതെന്നാണ് കോടതി ഉത്തരവ്.
90 ദിവസമായിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചില്ല. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപക്കേസിൽ പോറ്റി അറസ്റ്റിലായത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതികളായ എ. പത്മകുമാർ, ബി.മൂരാരി ബാബു, നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി. വിധി പിന്നീട് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Adjust Story Font
16

