മെസി മാർച്ചിൽ വരുമോ?; പിന്നീട് വിശദമായി സംസാരിക്കാമെന്ന് മന്ത്രി
മാർച്ചിൽ ഉറപ്പായും മെസി കേരളത്തിൽ എത്തുമെന്ന് അർജന്റീന പ്രതിനിധികൾ ഇമെയിൽ അയച്ചെന്നാണ് നവംബർ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞിരുന്നത്

- Published:
28 Feb 2026 7:22 AM IST

വയനാട്: ലയണൽ മെസി മാർച്ചിൽ കേരളത്തിൽ വരുമോ എന്നതിൽ പ്രതികരിക്കാതെ കായികമന്ത്രി വി.അബ്ദുറഹ്മാൻ. അത് പിന്നീട് വിശദമായി സംസാരിക്കാം എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. വളരെ വിശദമായി സംസാരിക്കാനുണ്ട്. പ്രത്യേക വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാർച്ച് വിൻഡോയിൽ മെസിയും സംഘവും ഖത്തറിലായിരിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഖത്തർ ഫുട്‌ബോൾ ഫെസ്റ്റിവലിന്റെ ഭാഗമായാകും അർജന്റീനയുടെ മത്സരങ്ങൾ. മാർച്ച് 26-30 തീയതികളിൽ ദോഹ വേദിയായ ഖത്തർ ഫുട്‌ബോൾ ഫെസ്റ്റിവലിലാണ് അർജന്റീന ടീം കളിക്കുക. ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിൽ മാർച്ച് 27ന് അർജന്റീന യൂറോപ്യൻ ചാമ്പ്യൻമാരായ സ്‌പെയിനിനെ നേരിടും.
മാർച്ചിൽ ഉറപ്പായും മെസി കേരളത്തിൽ എത്തുമെന്ന് അർജന്റീന പ്രതിനിധികൾ ഇമെയിൽ അയച്ചെന്നാണ് നവംബർ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞിരുന്നത്. കേരളത്തിൽ എത്തിയില്ലെങ്കിൽ മെസി ഇന്ത്യയിലൊരിടത്തും കാലുകുത്തില്ലെന്നാണ് സ്‌പോൺസർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഡിസംബറിൽ മെസി ഹൈദരാബാദ് അടക്കം നാല് ഇന്ത്യൻ നഗരങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.
Adjust Story Font
16
