Quantcast

ആര്‍.എസ്.എസുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സി.പി.എം കൂടുതലായി കോണ്‍ഗ്രസുകാരെ കൊല്ലാന്‍ തുടങ്ങിയത്: വി.ഡി സതീശന്‍

'പെരിയയിലെ കുട്ടികളും ഷുഹൈബുമെല്ലാം കൊല്ലപ്പെട്ടത് ആര്‍.എസ്.എസ് - സി.പി.എം ചര്‍ച്ചക്ക് ശേഷമാണ്'

MediaOne Logo

Web Desk

  • Updated:

    2023-02-21 12:11:38.0

Published:

21 Feb 2023 11:24 AM GMT

v d satheesan says cpim kills more congress workers after meeting with rss leaders
X

വി.ഡി സതീശന്‍

തിരുവനന്തപുരം: ആർ.എസ്.എസുമായി രഹസ്യ ചർച്ച നടത്തി സന്ധി ചെയ്തത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍.എസ്.എസുമായുള്ള ചർച്ചക്ക് ശേഷമാണ് കൂടുതലായി കോൺഗ്രസിലെ യുവാക്കളെ സി.പി.എം കൊല്ലാൻ തുടങ്ങിയത്. ധാരണയുണ്ടാക്കാൻ വത്സൻ തില്ലങ്കേരിയും പിണറായി വിജയനും തമ്മിൽ ചർച്ച നടത്തിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

"യഥാര്‍ഥത്തില്‍ ആരാണ് ആര്‍.എസ്.എസുമായി ചര്‍‌ച്ച നടത്തിയത്? മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ ഒരു വലിയ ഹോട്ടലില്‍ വെച്ച് കോടിയേരി ബാലകൃഷ്ണനൊപ്പം ശ്രീ എം എന്ന ആത്മീയാചാര്യന്‍റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍ കുട്ടിയും വത്സന്‍ തില്ലങ്കേരിയുമായി ചര്‍ച്ച ചെയ്തിട്ടില്ലേ? എകണോമിക് ടൈംസിന്‍റെ ലേഖകനായ ദിനേഷ് നാരായണനെഴുതിയ 'ആര്‍.എസ്.എസ് ആന്‍റ് ദ ഡീപ് നാഷന്‍' എന്ന പുസ്തകത്തില്‍ ഇവരെയെല്ലാം ഇന്‍റര്‍വ്യു നടത്തി പറഞ്ഞിട്ടുണ്ടല്ലോ. കേരളത്തില്‍ പരസ്പരമുള്ള അക്രമം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് നേതാക്കളും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരുമിച്ച് ചര്‍ച്ച നടത്തിയില്ലേ? രഹസ്യമായി ആരും അറിയാതെയല്ലേ മൂടിവെച്ചത്? അന്നു മുതല്‍ ആര്‍.എസ്.എസ് - സി.പി.എം സംഘട്ടനമില്ലല്ലോ. അതിനു ശേഷമാണ് സി.പി.എമ്മുകാര്‍ കൂടുതലായി കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ കൊല്ലാന്‍ തുടങ്ങിയത്. അതിനു ശേഷമാണ് പെരിയയിലെ കുട്ടികളും ഷുഹൈബുമെല്ലാം കൊല്ലപ്പെട്ടത്"- വി.ഡി സതീശന്‍ പറഞ്ഞു.

മുസ്‍‍ലിം സംഘടനകൾ ആര്‍.എസ്.എസുമായി ചർച്ച നടത്തിയതിൽ കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ യു.ഡി.എഫിനെ വലിച്ചിഴച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. 42 വർഷം ജമാഅത്തെ ഇസ്‍ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ചവരാണ് സി.പി.എം എന്നും അന്നവര്‍ക്ക് ജമാഅത്തെ ഇസ്‍ലാമി വര്‍ഗീയ കക്ഷിയായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

''ജമാഅത്തെ ഇസ്‍ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത് മുതൽ 2019 വരെ 42 വർഷക്കാലം സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും സി.പി.എമ്മിന് അവർ വർഗീയ കക്ഷിയായിരുന്നില്ല. 2019 പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ നിലപാടുകളുടെ ഭാഗമായി അവര്‍ കോൺഗ്രസിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെയാണ് സി.പി.എമ്മിന് അവര്‍ വര്‍ഗീയ കക്ഷിയായത്. ജമാഅത്തെ ഇസ്‍ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയൻ എത്രയോ തവണ സന്ദർശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സുപ്രഭാതത്തിൽ അവരെ തള്ളിക്കളയുകയാണ്''- വി.ഡി സതീശന്‍ പറഞ്ഞു.



TAGS :

Next Story