Quantcast

ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരത് തടയും: വി.കെ ശ്രീകണ്ഠൻ എം.പി

'വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കണം'

MediaOne Logo

Web Desk

  • Updated:

    2023-04-21 10:38:43.0

Published:

21 April 2023 9:38 AM GMT

V K Sreekandan MP demands stop for vande bharat in shornur
X

പാലക്കാട്: ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലെങ്കിൽ തിരുവനന്തപുരത്തു നിന്നുള്ള വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കണം. ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം റെയില്‍വെ ഗൌരവത്തില്‍ പരിഗണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

"വന്ദേഭാരതിന് നരേന്ദ്ര മോദി തിരുവനന്തപുരത്ത് പച്ചക്കൊടി കാണിക്കും. ട്രെയിന്‍ പുറപ്പെടും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ ട്രെയിന്‍ അവിടെയെത്തുമ്പോള്‍ പാലക്കാട് എം.പി ചുവപ്പുകൊടി കാണിക്കും"- വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.

പാർലമെന്‍റില്‍ കേരളത്തിലെ എംപിമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കേരളത്തിന് ട്രെയിന്‍ അനുവദിച്ചത്. വന്ദേഭാരത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു.

വന്ദേഭാരത് ട്രെയിൻ ഏപ്രില്‍ 25ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും. റെയിൽവേയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രി ട്രെയിനിൽ യാത്ര ചെയ്ത് കുട്ടികളുമായി സംവദിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അത് ഉണ്ടാകില്ല. ഏപ്രില്‍ 25ന് 12.40ന് അദ്ദേഹം സൂറത്തിലേക്ക് പോകും.

വന്ദേഭാരത് ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രലിൽ ട്രെയിൻ സർവീസിൽ മാറ്റമുണ്ട്. മലബാർ എക്സ്പ്രസ് ഏപ്രില്‍ 23നും 24നും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ചെന്നെ മെയിലും ഏപ്രില്‍ 23നും 24നും കൊച്ചുവേളി വരെ മാത്രമാകും സർവീസ് നടത്തുക.



TAGS :

Next Story