'വിമർശിക്കുന്നവരോട് തീർത്താൽ തീരാത്ത പക വെക്കുന്നയാൾ'; വി.കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ മധുസൂദനൻ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം
ആശ്രിതരെ സൃഷ്ടിക്കാനാണ് മധുസൂദനൻ ശ്രമിക്കുന്നതെന്നും 'നേതൃത്വത്തെ അണികൾ തിരുത്തണം ' എന്ന പുസ്തകത്തിൽ വിമർശിക്കുന്നു

കണ്ണൂര്‍: വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങൾ. മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയക്കാരനാണെന്നും വിമർശിക്കുന്നവരോട് തീർത്താൽ തീരാത്ത പക വെയ്ക്കുന്ന നേതാവാണ് മധുസൂദനൻ എന്നും പുസ്തകത്തിൽ പറയുന്നു. ആശ്രിതരെ സൃഷ്ടിക്കാനാണ് മധുസൂദനൻ ശ്രമിക്കുന്നതെന്നും 'നേതൃത്വത്തെ അണികൾ തിരുത്തണം ' എന്ന പുസ്തകത്തിൽ വിമർശിക്കുന്നു. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.
സിപിഎം നേതൃത്വത്തിൻ്റെ നെഞ്ചിടിപ്പ് കൂട്ടിയാണ് വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ ടി.ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ള നേതാക്കൻമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങളും രേഖകളും പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന. തെറ്റായ വഴിയിൽ മുന്നോട്ട് പോകുന്ന നേതൃത്വത്തെ തിരുത്താൻ അണികൾക്കുള്ള മുന്നറിയിപ്പാണ് പുസ്തകം. പുസ്തകം അടുത്ത മാസം നാലിനാണ് പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി മാത്യു പ്രകാശനം ചെയ്യും.
ഗുരുതരമായ അച്ചടക്ക ലംഘനത്തിൻ്റെ പേരിൽ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതോടെ പുസ്തകത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന. ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കാൻ പോകുന്ന പുസ്തകം കുഞ്ഞികൃഷ്ണൻ സ്വന്തം ചെലവിലാണ് പ്രസിദ്ധീകരിക്കുന്നത്. നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയൻ്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക.
Adjust Story Font
16

